സിസിടിവി ക്യാമറകൾ കണ്ടിട്ടും പ്രതികൾ കൊപ്ര മോഷണം നടത്തി

കോഴിക്കോട്: മുഖം തുണികൊണ്ട് മറിച്ച് എത്തിയ രണ്ട് പേര്‍ ചേര്‍ന്ന് കോഴിക്കോട് ഫ്‌ളോര്‍ മില്ലില്‍ മോഷണം നടത്തി. കോഴിക്കോട് മേപ്പയ്യൂര്‍ ഇരിങ്ങത്ത് പ്രവര്‍ത്തിക്കുന്ന സി കെ മില്ലിലാണ് ഇന്ന് പുലര്‍ച്ചെ മൂന്നോടെ മോഷണം നടന്നത്. മോഷ്ടാക്കള്‍ ഒരു ചാക്ക് നിറയെ ഉണ്ട കൊപ്രയുമായാണ് കടന്നുകളഞ്ഞത്.

ചക്കിട്ടക്കണ്ടി ബാബുവിന്‍റെ സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഇദ്ദേഹം രാവിലെ മില്ലില്‍ എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസ്സിലായത്. മൂന്ന് മുറികളുള്ള മില്ലില്‍ കൊപ്ര സൂക്ഷിച്ച മുറിയുടെ ലോക്ക് കട്ടര്‍ ഉപയോഗിച്ച് പൊട്ടിച്ച നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരു ചാക്ക് ഉണ്ട കൊപ്ര മോഷണം പോയതായി സ്ഥിരീകരിക്കുകയായിരുന്നു.

സ്ഥാപനത്തിലെ സി സി ടി വി പരിശോധിച്ചപ്പോഴാണ് യുവാക്കളുടെ ദൃശ്യം ലഭിച്ചത്. മുഖം തുണികൊണ്ട് മറച്ചെത്തിയ ഇവര്‍ മുറിയില്‍ കയറി ടോര്‍ച്ച് ഉപയോഗിച്ച് പരിശോധിക്കുന്ന ദൃശ്യങ്ങളാണ് സി സി ടി വിയില്‍ പതിഞ്ഞത്. ഏറെ നേരം കഴിഞ്ഞാണ് സി സി ടി വി മോഷ്ടാക്കളുടെ കണ്ണില്‍ പതിഞ്ഞത്. തുടര്‍ന്ന് പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് ക്യാമറ മറച്ച ശേഷം, കൊപ്ര ചാക്കിലാക്കി കൊണ്ടുപോവുകയായിരുന്നു.