പരാതിക്കാരിയുടെ വീട്ടിലേക്ക് രണ്ടാം പ്രതിയുടെ സഹായത്തോടെ ഒന്നാംപ്രതി അതിക്രമിച്ചുകയറി ലൈംഗിക പീഡനത്തിനിരയാക്കുകയും പുറത്തുപറഞ്ഞാല്‍ കൂടുതല്‍ ആളുകളെ കൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്.

പെരിന്തല്‍മണ്ണ: ഒറ്റയ്ക്ക് താമസിക്കുന്ന 67കാരിയെ വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗീക പീഡനത്തിനിരയാക്കിയ കേസില്‍ രണ്ടുപേര്‍ക്ക് കഠിനതടവും പിഴയും ശിക്ഷ. കൂട്ടിലങ്ങാടി സ്വദേശികളായ ഒന്നാംപ്രതി കാരാട്ടുപറമ്പ് ചാത്തന്‍കോട്ടില്‍ ഇബ്രാഹിം (37), കാരാട്ടുപറമ്പ് വടക്കേതൊടി വിനോദ് (45) എന്നിവരെയാണ് ശിക്ഷിച്ചത്. ഇബ്രാഹിമിനെ വിവിധ വകുപ്പുകളിലായി 45 വര്‍ഷം കഠിന തടവിനും 1,05,000 രൂപ പിഴയടക്കുന്നതിനും അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധികതടവിനുമാണ് ശിക്ഷിച്ചത്. വിനോദിന് 25 വര്‍ഷം കഠിനതടവും 55,000 രൂപ പിഴയുമാണ് ശിക്ഷ.

പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. 2018 മലപ്പുറം പൊലിസ് എടുത്ത കേസിലാണ് വിധി. പരാതിക്കാരിയുടെ വീട്ടിലേക്ക് രണ്ടാം പ്രതിയുടെ സഹായത്തോടെ ഒന്നാംപ്രതി അതിക്രമിച്ചുകയറി ലൈംഗിക പീഡനത്തിനിരയാക്കുകയും പുറത്തുപറഞ്ഞാല്‍ കൂടുതല്‍ ആളുകളെ കൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടക്കുന്നപക്ഷം സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവിട്ടു.

Read More... തിരുവനന്തപുരത്ത് സഹോദരിമാരെ ലൈം​ഗികമായി പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റിൽ

മലപ്പുറം പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന പ്രേംജിത്ത്, എസ്.ഐ ബി.എസ്. ബിനു, അബ്ദുല്‍ ജബ്ബാര്‍ എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസി ക്യൂട്ടര്‍ സപ്ന പി. പരമേശ്വരത്ത് ഹാജരായി.