ചാലക്കുടി ആളൂരിൽ പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് അതിഥി തൊഴിലാളികളെ ഒരു വീടിന്റെ ഔട്ട് ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഷം ഉള്ളിൽച്ചെന്നാണ് ഇരുവരുടെയും മരണമെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തൃശൂർ: ചാലക്കുടി ആളൂർ - വാഴക്കുന്നിൽ രണ്ട് അതിഥി തൊഴിലാളികളെ ഔട്ട് ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശികളായ ഉമിത് ആനന്ദ് (38), രാധ കുഞ്ചൂർ (32) എന്നിവരാണ് മരിച്ചത്. വിഷം ഉള്ളിൽച്ചെന്നാണ് ഇരുവരുടെയും മരണമെന്ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി അറിയിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
വാഴക്കുന്നിലുള്ള ഒരു പ്രവാസിയുടെ വീടിന്റെ പുറംജോലികൾക്കായാണ് മൂന്ന് മാസം മുൻപ് ഇവർ ഇവിടെയെത്തിയത്. വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസിലായിരുന്നു ഇവരുടെ താമസം. തിങ്കളാഴ്ച ഇവരെ പുറത്തൊന്നും കാണാതായതിനെ തുടർന്ന് വീടിന്റെ സുരക്ഷാ ചുമതലയുള്ളയാൾ ഔട്ട് ഹൗസിലെത്തി അന്വേഷിച്ചു. എന്നാൽ വാതിൽ തുറക്കാതായതോടെ അദ്ദേഹം ചാലക്കുടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ചാലക്കുടി പോലീസ് കണ്ടെത്തിയ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി ആളൂർ പോലീസിന് കൈമാറി. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എം.എം. സന്തോഷ് കുമാർ, ചാലക്കുടി എസ്.എച്ച്.ഓ സി. ശശികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് നടപടികൾ പൂർത്തിയാക്കിയത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.


