രണ്ടാം ക്ലാസിൽ ആറ് വിദ്യാർഥികളുണ്ട്. ഇവരിൽ നാല് പേർ പശ്ചിമ ബംഗാളിൽ നിന്നുള്ളവരും ഓരോരുത്തർ വീതം ഉത്തർപ്രദേശിലെയും അസമിലെയും സ്വദേശികളുമാണ്. മൂന്നും നാലും ക്ലാസുകളിലാണ് ഓരോ മലയാളി വിദ്യാർഥികൾ വീതമുള്ളത്.
കൊച്ചി: മലയാളം മീഡിയം സ്കൂളായിട്ടും ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും മലയാളി വിദ്യാർഥികളില്ലെന്ന കൗതുകകരമായ സാഹചര്യമാണ് കളമശ്ശേരി നഗരസഭയിലെ പള്ളിലാങ്കര ഗവ.എൽപി സ്കൂളിൽ. പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികളും അതിഥി തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവരാണ്. സ്കൂളിൽ നിലവിൽ 27 വിദ്യാർഥികളാണുള്ളത്. ഇവരിൽ രണ്ട് പേർ മാത്രമാണ് മലയാളികൾ. ഒന്നാം ക്ലാസിൽ പഠിക്കുന്ന ഏഴ് കുട്ടികളിൽ നാല് പേർ അസം സ്വദേശികളും രണ്ട് പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരുമാണ്. ഒരു വിദ്യാർഥി ഉത്തരാഖണ്ഡിൽ നിന്നുമാണ് എത്തിയത്.
രണ്ടാം ക്ലാസിൽ ആറ് വിദ്യാർഥികളുണ്ട്. ഇവരിൽ നാല് പേർ പശ്ചിമ ബംഗാളിൽ നിന്നുള്ളവരും ഓരോരുത്തർ വീതം ഉത്തർപ്രദേശിലെയും അസമിലെയും സ്വദേശികളുമാണ്. മൂന്നും നാലും ക്ലാസുകളിലാണ് ഓരോ മലയാളി വിദ്യാർഥികൾ വീതമുള്ളത്. ചില വിദ്യാർഥികൾ നാട്ടിലേക്ക് പോയിരിക്കുകയാണെന്നും അവർ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണെന്നും പ്രധാന അധ്യാപകൻ ബെന്നി ജോസഫ് പറഞ്ഞു. 2022ൽ നേപ്പാളിൽ നിന്നുള്ള ഒരു വിദ്യാർഥിയും ഇവിടെ പഠിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. സ്കൂളിലെ എല്ലാ അധ്യാപകരും മലയാളികളാണ്. സ്കൂളിലെ പ്രവേശനോത്സവം കളമശ്ശേരി നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ ഉദ്ഘാടനം ചെയ്തു.


