Asianet News MalayalamAsianet News Malayalam

കൊവിഡ്-19: കോഴിക്കോട് രണ്ട് പേര്‍ക്ക് കൂടി രോഗമുക്തി, ഏഴു പേര്‍ ചികിത്സയില്‍ , നിരീക്ഷണത്തിൽ 21,934 പേര്‍

മെഡിക്കല്‍ കോളേജില്‍ ഉള്ള 26 പേരും ബീച്ച് ആശുപത്രിയിലുള്ള ഒരാളുമുള്‍പ്പെടെ ആകെ 27 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 17 പേരെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.
 

Two more recovered for coronavirus in Kozhikode
Author
Kozhikode, First Published Apr 7, 2020, 10:11 PM IST

കോഴിക്കോട്: കൊവിഡ് 19 സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ രോഗമുക്തി നേടിയ ജില്ലക്കാരുടെ എണ്ണം അഞ്ചായി. രോഗം സ്ഥിരീകരിച്ച കോഴിക്കോട് ജില്ലക്കാരായ ഏഴു പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ അവശേഷിക്കുന്നത്. 

ഇതുകൂടാതെ പോസിറ്റീവായ ഒരു കാസര്‍ഗോഡ് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരുന്നുണ്ട്. ഒരു കാസര്‍ഗോഡ് സ്വദേശി നേരത്തെ രോഗമുക്തി നേടിയിരുന്നു. ജില്ലയില്‍ ഇന്ന് പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് 24 സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 401 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 367 എണ്ണത്തിന്റെ ഫലം ലഭിച്ചു. 352 എണ്ണം  നെഗറ്റീവാണ്. ഇനി 34 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് ആകെ 21,934 പേര്‍ നിരീക്ഷണത്തിലുണ്ട്. മെഡിക്കല്‍ കോളേജില്‍ ഉള്ള 26 പേരും ബീച്ച് ആശുപത്രിയിലുള്ള ഒരാളുമുള്‍പ്പെടെ ആകെ 27 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 17 പേരെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 12 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. കൂടാതെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 120 പേര്‍ ഫോണിലൂടെ സേവനം തേടി. സോഷ്യല്‍ മീഡിയ വഴിയുള്ള ബോധവല്‍ക്കരണം തുടര്‍ന്ന് വരുന്നു. വാട്‌സാപ്പിലൂടെയും എന്‍.എച്ച്.എം, മാസ്മീഡിയ വിംഗ് കോഴിക്കോട് ഫേസ്ബുക്ക് പേജിലൂടെയും, കൊറോണ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. ജില്ലയില്‍ ഇന്ന് 4534 സന്നദ്ധസേനാ പ്രവര്‍ത്തകര്‍ 8763 വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്ക്കരണം നടത്തി.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കണ്‍ട്രോള്‍ സെല്ലുകളുടെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അവലോകനം നടത്തി.   യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി., ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. സജീത് കുമാര്‍, ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മര്‍ ഫാറൂഖ് അഡീഷണല്‍ ഡി.എം.ഒ. ഡോ. ആശാദേവി, ഡി.പി.എം. ഡോ. നവീന്‍.എ. തുടങ്ങിയവര്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios