കൊച്ചി: കൊച്ചിയിൽ എക്സൈസ് പരിശോധനയ്ക്കിടയിൽ കൈത്തോക്കുമായി രണ്ട് പേർ പിടിയിൽ. നേപ്പാൾ സ്വദേശികളായ നവരാജ് ഖർത്തി മഗർ, കേശബ് പൂരി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 23 ലിറ്റർ മദ്യവും കണ്ടെടുത്തു.

ഓണക്കാലത്തെ ലഹരിക്കടത്ത് തടയാനായി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വൈറ്റിലയിൽ നിന്നും രണ്ട് നേപ്പാൾ സ്വദേശികൾ പിടിയിലായത്. ബാഗിലാക്കി സൂക്ഷിച്ചിരുന്ന മദ്യം കൈമാറുന്നതിനിടെയാണ് ഇരുവരെയും എക്സൈസ് പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൈത്തോക്കും അഞ്ച് സ്പ്രിംങ്ങ് കത്തികളും കണ്ടെടുത്തത്. 23 ലിറ്റർ മദ്യവും 70,000 രൂപയും ഇവരിൽ നിന്ന് പിടികൂടി. 

നേപ്പാൾ സ്വദേശികളായ ഇരുവർക്കും മതിയായ തിരിച്ചറിയൽ രേഖകളുമില്ല. കഴിഞ്ഞ മൂന്ന് വർഷമായി ഇവർ കൊച്ചിയിൽ അനധികൃതമായി താമസിച്ച് വരുകയായിരുന്നു. വിശദമായ അന്വേഷണത്തിനായി പ്രതികളെ പൊലീസിന് കൈമാറും.