Asianet News MalayalamAsianet News Malayalam

പൊലീസുകാരെ ആക്രമിച്ച കേസിലടക്കം പ്രതി; കാപ്പ ചുമത്തി രണ്ട് കുപ്രസിദ്ധ ഗുണ്ടകളെ അറസ്റ്റ് ചെയ്തു

കുന്ദമംഗലം പൊലീസ്‌ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഷിജു എന്ന ടിങ്കു വധശ്രമം, കവർച്ച, ലഹരിക്കടത്ത്  തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

two notorious goonda s arrested under kappa act in kozhikode
Author
Kozhikode, First Published Jul 1, 2022, 10:02 AM IST

കോഴിക്കോട്: ഗുണ്ടകൾക്കെതിരെ കോഴിക്കോട്  ജില്ലയിൽ കർശന നടപടിയുമായി പൊലീസ്‌. രണ്ട് കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ആക്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം പെരിങ്ങളം മണ്ണമ്പറമ്പത്ത് ഷിജുഎന്ന ടിങ്കു (32) , കുറ്റിക്കാട്ടൂർ സ്വദേശി ബുഷർ ജംഹർ(29) എന്നിവരെ മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നി ലാലുവിന്‍റെ നേതൃത്വത്തിൽ കുന്ദമംഗലം സബ്ബ് ഇൻസ്പെക്ടർ അഷ്റഫും നടക്കാവ് സബ്ബ് ഇൻസ്പെക്ടർ കൈലാസ് നാഥും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്ന് പിടികൂടിയത്.

കുന്ദമംഗലം പൊലീസ്‌ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഷിജു എന്ന ടിങ്കു വധശ്രമം, കവർച്ച, ലഹരിക്കടത്ത്  തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൂടാതെ ആറുമാസം മുമ്പ്  ഇയാളും കൂട്ടാളികളും ചേർന്ന് പോലീസുക്കാരെ ആക്രമിച്ച്  രക്ഷപ്പെടാൻ ശ്രമിച്ച കേസിലും പ്രതിയാണ്.  ഈ കേസിൽ ഈയിടെയാണ് ടിങ്കു ജാമ്യത്തിലിറങ്ങിയത്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബുഷർ അടിപിടി, കൊലപാതക ശ്രമം, രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയ കേസുകളിലെ പ്രതിയാണ്. 


സ്ഥിരമായി കേസുകളിൽ ഉൾപ്പെട്ട ശേഷം ജാമ്യത്തിൽ ഇറങ്ങി വീണ്ടും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്ന പ്രതികൾ സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാവുന്നത് കണ്ട്  ഗവൺമെൻറ് തലത്തിൽ കാപ്പ നിയമം കർശനമായി നടപ്പിൽ വരുത്താൻ തീരുമാനിക്കുകയും അതിനായി കാവൽ എന്നപേരിൽ പ്രത്യേക അന്വേഷണ സംഘങ്ങൾ ജില്ലകൾ തോറും രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പൊലീസ്‌ മേധാവി എ.അക്ബർ ഐപിഎസിന്‍റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ല കലക്ടറാണ് ഇവർക്കെതിരെ കാപ്പ ചുമത്താനുള്ള ഉത്തരവ് ഇറക്കിയത്. സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എസിപി എ.ഉമേഷിന്റെ നേതൃത്വത്തിൽ ഇവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്നും ഗുണ്ടകളുടെ നീക്കങ്ങൾ കാവൽ സ്ക്വാഡ് പ്രത്യേകം നിരീക്ഷിക്കുമെന്നും ഡപ്യൂട്ടി കമ്മീഷണർ അമോസ് മാമൻ ഐപിഎസ് അറിയിച്ചു. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ വിജേഷ്, രാജീവ്,പ്രജിൻ ലാൽ,വിഷോബ്,ഗിരീഷ് നടക്കാവ് പോലീസ് സ്റ്റേഷനിലെ ബഷീർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Follow Us:
Download App:
  • android
  • ios