കളമശ്ശേരി പരിസരത്ത് ചില്ലറ വിൽപ്പന നടത്താൻ എത്തിയതാണ് ഇവരെന്നാണ് എക്സൈസ് പറയുന്നത്.
കൊച്ചി: എറണാകുളത്ത് എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. കളമശ്ശേരിയിൽ 5.65 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. പാലക്കാട് അലനല്ലൂ൪ സ്വദേശി റിസ്‌വാൻ, കോട്ടോപ്പാടം സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായത്. ഒഡീഷയിൽ നിന്നും കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ അംഗങ്ങളാണിവരെന്ന് എക്സൈസ് പറഞ്ഞു. ബാഗിലാക്കി എത്തിച്ച കഞ്ചാവുമായി കളമശ്ശേരി പരിസരത്ത് ചില്ലറ വിൽപ്പന നടത്താൻ എത്തിയതാണ് ഇവരെന്നാണ് എക്സൈസ് പറയുന്നത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്ഥിൽ നടത്തിയ പരിശോധനയിൽ പ്രതികൾ പിടിയിലാവുകയായിരുന്നു. എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഭിരാജ്.ആർ ന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എക്സൈസ് സംഘത്തിൽ സിവില്‍ എക്സൈസ് ഓഫീസർമാരായ അമല്‍ദേവ്, ജിബിനാസ്.വി.എം, പ്രവീണ്‍ കുമാര്‍, ജിഷ്ണു മനോജ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രവീൺ.പി.സി എന്നിവരുമുണ്ടായിരുന്നു.
അതിനിടെ കാസർകോട് മഞ്ചേശ്വരം ഷിറിയയിൽ സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 1.8 കിലോഗ്രാം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്‌തു. മംഗൽപാടി സ്വദേശി മുഹമ്മദ് അലിയാണ് അറസ്റ്റിലായത്. കുമ്പള എക്സൈസ് റേഞ്ച് പാർട്ടിയും കാസറഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പാർട്ടിയും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ പ്രമോദ് കുമാർ.വി, സി.കെ.വി.സുരേഷ്, പ്രിവൻ്റീവ് ഓഫീസർ മനാസ്.കെ.വി, പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്)മാരായ അജീഷ്.സി, നൗഷാദ്.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്.പി, അഖിലേഷ്.എം.എം, പ്രജിത്ത്.പി, ഷിജിത്ത്.വി.വി എന്നിവരുമുണ്ടായിരുന്നു.


