ആലപ്പുഴ: ജില്ലയിലെ  മിനി സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റില്‍ വീണ്ടും ആള്‍ കുടുങ്ങി. പൊലീസും ഫയർഫോഴ്സും എത്തിയാണ് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. ഇന്നലെ രണ്ട് പേരാണ് ലിഫ്റ്റ് കേടായതുമൂലം കുടുങ്ങിയത്. മറ്റ് ജീവനക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി ഒരുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുകയായിരുന്നു.

നിരന്തരം കേടാകുന്നതുമൂലം ജീവനക്കാര്‍ക്കും സിവില്‍ സ്റ്റേഷനിലെത്തുന്ന മറ്റുള്ളവര്‍ക്കും ലിഫ്റ്റില്‍ കയറാന്‍തന്നെ പേടിയാണ്. രണ്ട് ലിഫ്റ്റുകളാണ് ഇവിടെ ഉള്ളതെങ്കിലും രണ്ടും ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പേടിയാണ്. ലിഫ്റ്റ് തകരാര്‍ തുടര്‍ച്ചയായതിനാല്‍ ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ പടികള്‍ കയറി ക്ഷീണിച്ച് പാതിവഴിയില്‍ ഇവിടെ ഇരിക്കുന്ന കാഴ്ചയും പതിവാണ്.

റേഷന്‍ കാര്‍ഡിലെ അപാകത തീര്‍ക്കാന്‍ എത്തുന്ന വയോധികര്‍ ഉള്‍പ്പെടെയുള്ളവരാണ് ഏറ്റവും ദുരിതം അനുഭവിക്കുന്നത്. സിവില്‍ സപ്ലൈസ് ഓഫീസ് അഞ്ചാം നിലയിലായതിനാല്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുന്നു. പ്ലാനിങ് ഓഫീസ്, സ്റ്റാസ്റ്റിക്കല്‍ ഓഫീസ്, ഫിഷറീസ് ഓഫീസ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, റവന്യൂ റീസര്‍വേ ഓഫീസ്, ലോട്ടറി ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസ് എന്നിങ്ങനെ നിരവധി ഓഫീസുകളാണ് ഇവിടെയുള്ളത്.

ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കണമെന്ന ആവശ്യത്തിന് പുല്ലുവിലയാണ് അധികാരികള്‍ കൊടുക്കുന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. പ്രശ്‌നത്തിന് പരിഹാരം കാണേണ്ട ഉത്തരവാദിത്തപ്പെട്ടവര്‍ പുലര്‍ത്തുന്ന നിസ്സംഗതയാണ് ഇതിന് കാരണമെന്നാണ് ആക്ഷേപമുയരുന്നത്.