കവണപ്രയോഗം, ഇന്നോവയുടെ ഗ്ലാസ് തവിടുപൊടി! എല്ലാം ആസൂത്രിതം, നാടുവിട്ടവരെ കുടുക്കി കേരള പൊലീസ് ബ്രില്യൻസ്
ആസൂത്രിതമായ മോഷണം നടത്തിയ പ്രതികളെ പഴുതടച്ച അന്വേഷണത്തിനൊടുവിൽ പാലക്കാട് കസബ പൊലീസ് വലയിലാക്കിയത്.
പാലക്കാട്: പാർക്ക് ചെയ്ത കാറിൻ്റെ ഗ്ലാസ് തകർത്ത് മൊബൈൽ മോഷ്ടിച്ച രണ്ട് പേർ പിടിയിൽ. പാലക്കാട് മരുതറോഡിൽ ഓഗസ്റ്റ് 23നാണ് സംഭവം. രാത്രിയിൽ സഞ്ചാരി ഹോട്ടലിൻ്റെ മുൻവശം പാർക്ക് ചെയ്തിരുന്ന ഇന്നോവ കാറിൻ്റെ സൈഡ് ഗ്ലാസ് കവണ ഉപയോഗിച്ച് തകർത്താണ് അകത്ത് കയറി ബാഗിലുണ്ടായിരുന്ന വിലപിടിപ്പുള്ള മൂന്ന് മൊബൈൽ ഫോണും 25000 രൂപയും മോഷ്ടിച്ചത്. ആസൂത്രിതമായ മോഷണം നടത്തിയ പ്രതികളെ പഴുതടച്ച അന്വേഷണത്തിനൊടുവിൽ പാലക്കാട് കസബ പൊലീസ് വലയിലാക്കിയത്.
പ്രതികൾ സഞ്ചരിച്ചെത്തിയ വഴിയിലൂടെയും മോഷണം നടത്തിയതിന് ശേഷം മടങ്ങിപ്പോയ വഴികളിലൂടെയും സഞ്ചരിച്ച് എല്ലാവിധ തെളിവുകളും ശേഖരിച്ചാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികൾ താമസിച്ചു വന്ന കോയമ്പത്തൂർ ജില്ലയിലെ അറിവോളി നഗർ എന്ന കോളനിയിൽ കയറി അർധ രാത്രിയിൽ കാർത്തിക്, തമിഴ് വാവണൻ എന്നിവരെ പിടികൂടുകയായിരുന്നു. പ്രതികൾക്ക് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ കേസുകളുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാലക്കാട് കസബ പൊലീസ് ഇൻസ്പെക്ടർ വി വിജയരാജൻ, എസ് ഐ മാരായ എച്ച് ഹർഷാദ്, ഉദയകുമാർ, റഹ്മാൻ, എഎസ്ഐ പ്രിയ, എസ്‍സിപിഒമാരായ ജയപ്രകാശ്, സെന്തിൾ, രഘു, ബാലചന്ദ്രൻ എന്നിവരാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ ഓടിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വൈദ്യപരിശോധനക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം