കോഴിക്കോട്: വീട്ടിലെ രണ്ടുമരുമക്കളും തദ്ദേശസ്ഥാപനങ്ങളുടെ പ്രസിഡന്റുമാരായതോടെ ഭര്‍തൃമാതാവ് കാര്‍ത്യായനി സന്തോഷത്തിലാണ്. മണ്ണൂര്‍ വളവ് തയ്യില്‍ വീട്ടിലാണ് പ്രസിഡന്റുമാരുടെ അപൂര്‍വ സംഗമം. മൂത്ത മരുമകള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും രണ്ടാമത്തെ മരുമകള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാണ്.

കാര്‍ത്യായനിയുടെ മൂത്തമകന്‍ കെ. വിനോദ് കുമാറിന്റെ ഭാര്യ സജിത പൂക്കാടന്‍ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായപ്പോള്‍ രണ്ടാമത്തെ മകന്‍ കെ. പ്രമോദ് കുമാറിന്റെ ഭാര്യ വി. അനുഷ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. സജിത പൂക്കാടന്‍ സിപിഐയുടെയും വി. അനുഷ സിപിഎമ്മിന്റെയും പ്രതിനിധിയാണ്. കടലുണ്ടി ഡിവിഷനില്‍ നിന്ന് 1061 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് സജിത ബ്ലോക്ക് പ്രസിഡന്റാകുന്നത്.

മണ്ണൂര്‍ നോര്‍ത്ത് വാര്‍ഡില്‍ നിന്ന് 358 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് അനുഷ കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ അമരത്തെത്തുന്നത്.  
കര്‍ഷകത്തൊഴിലാളി നേതാവും ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്നു ഇരുവരുടെയും ഭര്‍ത്തൃപിതാവ് പരേതനായ കെ. കണ്ടന്‍. കേരള മഹിളാ സംഘം പഞ്ചായത്ത് പ്രസിഡന്റും സിപിഐ മണ്ണൂര്‍ വളവ് ബ്രാഞ്ച് അംഗവുമാണ് സജിത. സിപിഎം മണ്ണൂര്‍ സി.എം.എച്ച്.എസ്.എസ്. ബ്രാഞ്ച് അംഗമായ അനുഷ കുടുംബശ്രീ എ.ഡി.എസ്. അംഗവുമാണ്. ഇരുവരുടെയും ഭര്‍ത്താക്കന്മാരും രാഷ്ട്രീയപ്രവര്‍ത്തനരംഗത്ത് സജീവമാണ്.