തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയെ  മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. 

കടയ്ക്കാവൂർ എസ് പി ബി ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ദേവനാരായണൻ, ഹരിചന്ദ് എന്നിവരെയാണ് കാണാതായത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കലോത്സവമായതിനാൽ സ്കൂളിൽ ക്ലാസില്ലായിരുന്നു. എട്ട് വിദ്യാർത്ഥികൾ ചേർന്നാണ് ബീച്ചിലെത്തിയത്. മൂന്ന് പേർ അപകടത്തിൽപ്പെട്ടു. ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികൾക്ക് ഗോകുൽ എന്ന വിദ്യാർത്ഥിയെ രക്ഷപ്പെടുത്താനായി. ഗോകുലിനെ ചിറയൻകീഴ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് വിട്ടു.

മത്സ്യത്തൊഴിലാളികളുടേയും കോസ്റ്റു ഗാർഡിന്‍റേയും നേതൃത്വത്തിൽ തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. ചുഴിയും അടിയൊഴുക്കും ശക്തമായ ഈ മേഖലയിൽ അപകടങ്ങൾ പതിവാണ്. ഒഴുക്ക് ശക്തമായതിനാൽ ഈ മേഖലയിൽ തിരച്ചിൽ ദുഷ്കരമാണ്.