ഒരു വാഹനം ഇടമലക്കുടിയിലെ ഇഡലിപ്പാറയില്‍ രാത്രിയില്‍ സ്ഥിരമായി കിടക്കും. മറ്റൊരു വാഹനം മൂന്നാറില്‍ തങ്ങും.

ഇടുക്കി: ഇടമലക്കുടിക്കാരുടെ യാത്രാപ്രശ്‌നം പരിഹരിക്കാനായി 24 മണിക്കൂറും സഞ്ചാരയോഗ്യമായ രണ്ട് വാഹനങ്ങളെത്തി. പട്ടികവര്‍ഗ്ഗ വകുപ്പാണ് 13 ലക്ഷം രൂപ ചിലവില്‍ വാഹനങ്ങള്‍ വനംവകുപ്പിന് കീഴിലുളള മൂന്നാര്‍ ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സിയുടെ സഹകരണത്തോടെ വാങ്ങിയത്. 

ഒരു വാഹനം ഇടമലക്കുടിയിലെ ഇഡലിപ്പാറയില്‍ രാത്രിയില്‍ സ്ഥിരമായി കിടക്കും. മറ്റൊരു വാഹനം മൂന്നാറില്‍ തങ്ങും. ഇടമലകുടിയില്‍ നിന്നുള്ള ഒരാളും വനംവകുപ്പില്‍ നിന്നുള്ള ഒരാളുമാണ് ഡ്രൈവര്‍മാര്‍. വാഹനങ്ങള്‍ ലഭ്യമാകുന്നതോടെ ഇടമലക്കുടിക്കാരുടെ യാത്രാ ദുരിതത്തിന് അവസാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനങ്ങള്‍ ലഭ്യമാകാത്തതിനാല്‍ രാത്രിയിലുള്‍പ്പെടെ അസുഖബാധിതരെയും ഗര്‍ഭിണികളെയും മറ്റും ആശുപത്രിയിലെത്തിക്കാന്‍ പ്രദേശവാസികള്‍ക്ക് സാധിച്ചിരുന്നില്ല. 150 രുപയാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്. 

യാത്രക്കൂലി ഇനത്തില്‍ ലഭിക്കുന്ന തുകകൊണ്ട് വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുകയും ഡ്രൈവറുടെ ശമ്പളം നല്‍കുകയും ചെയ്യും. ശനിയാഴ്‌ച ഇഡലിപ്പാറയില്‍ നടക്കുന്ന ചടങ്ങില്‍ സബ്ബ് കലക്ടര്‍ എസ് പ്രേം കൃഷ്‌ണന്‍ വാഹനങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഡിഎഫ്ഓ എം വി ജെ കണ്ണന്‍, എസിഎഫ് മാര്‍ട്ടിന്‍ ലോവല്‍, ജില്ലാ ട്രൈബല്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പകല്‍സമയങ്ങളില്‍ 250 രുപ നല്‍കി സ്വകാര്യ ട്രിപ്പ് ജീപ്പുകളിലാണ് ഇതുവരെ ഇടമലക്കുടിക്കാര്‍ യാത്ര ചെയ്തിരുന്നത്.