സ്വര്‍ണമെന്ന് പറഞ്ഞ് 113 ഗ്രാം മുക്കുപണ്ടം പണയം വയ്ക്കാന്‍ നൽകുകയും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു.

തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് പണം തട്ടാന്‍ ശ്രമിച്ച സ്ത്രീകൾ പിടിയിൽ. ചെമ്മരുത്തി പനയറ ക്ഷേത്രത്തിന് സമീപം മണികണ്ട വിലാസത്തിൽ ജയകുമാരി. (50), കൊല്ലം പനയം പെരുമണ്‍ എഞ്ചിനീയറിങ് കാളേജിന് സമീപം സുജഭവനില്‍ അശ്വതി (36) എന്നിവരെയാണ് കല്ലമ്പലത്തെ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോർപ്പിൽ മുക്ക് പണ്ടം പണയം വെക്കാൻ ശ്രമിക്കവേ പിടികൂടിയത്. 

ഇക്കഴിഞ്ഞ പത്താം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഉച്ചയോടെയാണ് പ്രതികൾ കല്ലമ്പലത്തെ മുത്തൂറ്റ് ഫിന്‍കോര്‍പിൽ എത്തിയത്. സ്വര്‍ണമെന്ന് പറഞ്ഞ് 113 ഗ്രാം മുക്കുപണ്ടം പണയം വയ്ക്കാന്‍ നൽകുകയും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. ഇവർ നൽകിയ സ്വർണ്ണം പരിശോധിച്ച മാനേജർ ഇവ മുക്കുപണ്ടമാണെന്ന് മനസ്സിലാക്കി ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

തുടർന്ന് കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മുന്‍പും പ്രതികള്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് പുറമെ മറ്റ് സംഘങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടായെന്ന് കല്ലമ്പലം പൊലീസ് അന്വേഷിച്ചുവരികയാണ്. കല്ലമ്പലം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഫറോസ്.ഐ, എസ് ഐ മാരായ ശ്രീലാല്‍ ചന്ദ്രശേഖരന്‍,സനല്‍ കുമാര്‍, എ.എസ്.ഐ സുനില്‍കുമാര്‍, എസ്സ് സി പി ഓ മാരായ ഹരിമാന്‍.ആര്‍, റീജ, ധന്യ, സി പി ഓ മാരായ ഉണ്ണികൃഷ്ണന്‍, കവിത എന്നിവരാണ് പ്രതികളെ പിടികൂടിയത്.