ഭര്‍തൃമതികളായ രണ്ട് സ്ത്രീകള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഉപേക്ഷിച്ചു കാമുകന്‍മാര്‍ക്കൊപ്പം കാറില്‍ കഴിഞ്ഞ ഡിസംബര്‍ 26ന് രാത്രി നാടുവിടുകയായിരുന്നു. 

തിരുവനന്തപുരം: കുട്ടികളെ ഉപേക്ഷിച്ചു കാമുകന്‍മാര്‍ക്കൊപ്പം ഒളിച്ചോടിയ രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റില്‍ (Two women and lovers Arrested). പള്ളിക്കല്‍ സ്വദേശികളായ ഭര്‍തൃമതികളായ രണ്ട് സ്ത്രീകള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഉപേക്ഷിച്ചു കാമുകന്‍മാര്‍ക്കൊപ്പം കാറില്‍ കഴിഞ്ഞ ഡിസംബര്‍ 26ന് രാത്രി നാടുവിടുകയായിരുന്നു. വര്‍ക്കല രഘുനാഥപുരം ബി.എസ്. മന്‍സില്‍ ഷൈന്‍ (ഷാന്‍-38), കരുനാഗപ്പള്ളി തൊടിയൂര്‍ മുഴങ്ങോട് മീനന്ദേത്തില്‍ വീട്ടില്‍ റിയാസ് (34) എന്നിവരാണ് 2 സ്ത്രീകള്‍ക്കൊപ്പം തമിഴ്‌നാട് കുറ്റാലത്തെ റിസോര്‍ട്ടില്‍ നിന്നും പിടിയിലായത്. ഇവര്‍ ഭര്‍ത്താക്കന്മാര്‍ നാട്ടില്‍ ഇല്ലാത്ത സമ്പന്നരായ സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കി വശീകരിച്ചു വശത്താക്കി സ്വര്‍ണവും പണവും കൈക്കലാക്കി സ്ത്രീകളോടൊപ്പം വിവിധ സ്ഥലങ്ങളില്‍ മുന്തിയ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. 

ഒളിച്ചോടിയ ഒരു സ്ത്രീക്ക് ഒന്നരയും നാലും 12ഉം വയസ്സുള്ള 3 കുട്ടികളും മറ്റൊരു സ്ത്രീക്ക് അഞ്ചു വയസ്സുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു. സ്ത്രീകളെ കാണാതായതിനെ തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ എസ്പി ഡോ. ദിവ്യ വി. ഗോപിനാഥിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി പി. നിയാസിന്റെ മേല്‍നോട്ടത്തില്‍ പള്ളിക്കല്‍ സി.ഐ പി. ശ്രീജിത്ത് എസ്.ഐ സഹില്‍ എസ്.എസ്.പി.ഒ രാജീവ്, സി.പി. ഷമീര്‍, അജീഷ്, മഹേഷ്, വനിതാ പൊലീസ് ഉദ്യോഗസ്ഥരായ അനു മോഹന്‍, ഷംല എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ബൊലേറോ കാര്‍ കസ്റ്റഡിയിലെടുത്തു.