ആലപ്പുഴ: കരുവാറ്റയില്‍ തൊഴിലുറപ്പ് ജോലിക്കിടെ സമീപത്തെ പുരയിടത്തിലടിച്ച കളനാശിനിയില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് രണ്ട് സ്ത്രീ തൊഴിലാളികള്‍ ബോധരഹിതരായി. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മതിയായ ചികില്‍സ നല്‍കാതെ പറഞ്ഞുവിട്ടു. തുടര്‍ന്ന് വീട്ടിലെത്തി തൊഴിലാളികളിലൊരാള്‍ തലപൊക്കാനാവാതെ പ്രയാസപ്പെട്ടതോടെ ബന്ധുക്കള്‍ ചേര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചു.

കരുവാറ്റ ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡില്‍ കൊഞ്ചം വാതില്‍ക്കല്‍ വിജയമ്മ (56), ഞാറക്കാട്ട് കിഴക്കതില്‍ ചെല്ലമ്മ (56) എന്നിവര്‍ക്കാണ്
ബോധക്ഷയമുണ്ടായത്. ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇരുവരെയും ആദ്യം കരുവാറ്റയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ഹരിപ്പാട് ഗവണ്മെന്റ് ആശുപത്രിയിലുമെത്തിച്ചു.

മുന്നരയോടെ ഇരുവരെയും ആശുപത്രിയില്‍ നിന്ന് മടക്കിഅയച്ചു. ീട്ടിലെത്തിയ വിജയമ്മ എഴുന്നേറ്റ് നില്‍ക്കാനാവാതെ അവശയായതോടെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.വക്കാണച്ചാല്‍ റോഡിന്റെ പണി ചെയ്യുകയായിരുന്നു തൊഴിലാളികള്‍. പരിസരവാസിയായ തമ്പിയെന്നയാള്‍ കംപ്രസര്‍ ഉപയോഗിച്ച് തളിച്ച കളനാശിനിയില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ്  സ്ത്രീ തൊഴിലാളികള്‍ക്ക് ബോധക്ഷയത്തിനിടയാക്കിയത്.