മുത്തങ്ങ അതിര്‍ത്തി കഴിഞ്ഞ് ബന്ദിപ്പൂരിലേക്ക് കടന്ന ഉടനെ തന്നെയായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. റോഡില്‍ ചരിഞ്ഞു കിടന്ന ബൈക്ക് ഉയര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു കര്‍ണാടക സ്വദേശികള്‍.
കൽപ്പറ്റ: മുത്തങ്ങ-ബന്ദിപ്പൂര്‍ വനമേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് യുവാക്കള്‍. കര്‍ണാടക സ്വദേശികളാണ് ആനക്ക് മുമ്പിലകപ്പെട്ടത്. ബൈക്ക് യാത്രികന്‍ പിന്നാലെ വന്ന കാറില്‍ കയറിയാണ് രക്ഷപ്പെട്ടത്. ഇദ്ദേഹത്തെ രക്ഷിച്ച കാറിലെ യാത്രക്കാര്‍ തന്നെ പകര്‍ത്തിയതാണ് ദൃശ്യങ്ങൾ. ഹൈദരാബാദിലേക്ക് യാത്ര ചെയ്തിരുന്ന കോട്ടക്കല്‍ സ്വദേശിയായ നാസറും സംഘവുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇവരുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്.
മുത്തങ്ങ അതിര്‍ത്തി കഴിഞ്ഞ് ബന്ദിപ്പൂരിലേക്ക് കടന്ന ഉടനെ തന്നെയായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. റോഡില്‍ ചരിഞ്ഞു കിടന്ന ബൈക്ക് ഉയര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു കര്‍ണാടക സ്വദേശികള്‍. കുറച്ചുമാറി ആനയുണ്ടായിരുന്നെങ്കിലും തങ്ങളുടെ സമീപത്തേക്ക് വരുന്നത് യുവാക്കള്‍ ശ്രദ്ധിച്ചിരുന്നില്ല. കാറിലുണ്ടായിരുന്നവര്‍ ഹോണ്‍ അടിച്ചതോടെയാണ് യുവാക്കള്‍ അപകടം അറിഞ്ഞത്. ഇതിനിടെ ബൈക്കുമായി റോഡരികിലെ കുറ്റിക്കാട്ടിലേക്കാണ് ഒരാള്‍ എത്തിയത്. ഇതോടെ ബൈക്ക് മറിയുന്നതും ആന തൊട്ടടുത്ത് എത്തി യുവാവിനെ തട്ടാനായി ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ സെക്കന്റുകളുടെ വ്യത്യാസത്തില്‍ യുവാവ് ബൈക്ക് അവിടെയിട്ട് ഓടി രക്ഷപ്പെടുന്നതാണ് പിന്നീട് കാണുന്നുത്. ആന റോഡില്‍ നിന്ന് മാറിയതോടെ കാറുകാരും രക്ഷപ്പെടുന്നത് ദൃശ്യങ്ങളില്‍ നിന്ന് മനസിലാകും.
പിന്നീട് ഇതേ കാറില്‍ കയറ്റി യുവാക്കളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇവര്‍ എന്തിനാണ് കാട്ടിനുള്ളില്‍ വാഹനം നിര്‍ത്തിയതെന്നതോ എങ്ങനെയാണ് വണ്ടി മറിഞ്ഞുവീണതെന്നതോ വ്യക്തമല്ല. കര്‍ണാടക വനംവകുപ്പിന് കീഴിലുള്ള പ്രദേശമായതിനാല്‍ കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരായിരിക്കും ഇക്കാര്യം അന്വേഷിക്കുക. അതേസമയം സമീപത്ത് മറ്റു നാല് ആനകള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ ഇവ ശാന്തരായിരുന്നുവെന്നും ഒരെണ്ണം മാത്രമാണ് യുവാക്കളെ ലക്ഷ്യമിട്ട് എത്തിയതെന്നുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ നാസര്‍ നല്‍കുന്ന വിവരം.
