സംശയം തോന്നാതിരിക്കാൻ കെഎസ്ആർടിസി ബസിലായിരുന്നു യാത്ര. എന്നാൽ ,ഇവർ സഞ്ചരിച്ച കെഎസ്ആർടിസി ബസ് പരിശോധിച്ചതോടെ ഇരുവരും കുടുങ്ങുകയായിരുന്നു.

തിരുവനന്തപുരം: ആന്ധ്രാപ്രദേശിൽ നിന്നും കഞ്ചാവ് വാങ്ങി ബാഗുകളിലാക്കി കേരളത്തിലേക്കെത്തിയ യുവാക്കൾ അറസ്റ്റിൽ. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് വരുന്ന വഴി കേരള -തമിഴ്നാട് അതിർത്തിയിൽ ഡാൻസാഫ്-പൊലീസ് ടീം നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ 10 കിലോ കഞ്ചാവുമായി ക്രിമിനൽ കേസ് പ്രതിയുൾപ്പെടെ രണ്ടുപേരെ പിടികൂടിയത്. 

നീറമൺകര സ്വദേശി സനോജ് സാബു (24), നേമം കൈമനം സ്വദേശി ആർ. വിഷ്‌ണുരാജ് (28) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ദേശീയപാതയിൽ പാറശാലയിൽ നടന്ന വാഹനപരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ആന്ധ്രാപ്രദേശിൽ നിന്ന് വാങ്ങിയ കഞ്ചാവുമായി നാഗർകോവിൽ വഴി തിരുവനന്തപുരത്ത് എത്തിച്ച് ചില്ലറ വിൽപ്പന നടത്താനായിരുന്നു ശ്രമം. 

സംശയം തോന്നാതിരിക്കാൻ കെഎസ്ആർടിസി ബസിലായിരുന്നു യാത്ര. എന്നാൽ ,ഇവർ സഞ്ചരിച്ച കെഎസ്ആർടിസി ബസ് പരിശോധിച്ചതോടെ ഇരുവരും കുടുങ്ങുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിഷ്ണുരാജ് കൊലപാതക കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.