ചാരുംമൂട്: ആഡംബര ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ സ്വർണ്ണാഭരണങ്ങൾ പൊട്ടിച്ചെടുക്കുന്ന യുവാക്കൾ അറസ്റ്റിൽ. പത്തിയൂർ കിഴക്കുംമുറി വെളിത്തറ വടക്കതിൽ അൻവർഷാ (19) തഴവ കടത്തൂർമുറി ഹരികൃഷ്ണ ഭവനത്തിൽ ജയകൃഷ്ണൻ (ഉണ്ണി -18) എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. 

വ്യാഴാഴ്ച വൈകിട്ട് നൂറനാട് കുന്നിൽ ക്ഷേത്രത്തിന് സമീപം വച്ച് എരുമക്കുഴി കിരൺ നിവാസിൽ ശ്യാമളയുടെ മൂന്നര പവൻ തൂക്കം വരുന്ന സ്വർണ്ണമാല ബൈക്കിലെത്തിയ യുവാക്കൾ പൊട്ടിച്ചെടുക്കുകയും ഇവരെ തള്ളിയിട്ട ശേഷം കെ പി റോഡിലൂടെ രക്ഷപ്പെടുകയും ചെയ്തിരുന്നു. 

നൂറനാട് സി ഐ വി ആർ ജഗദീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചും, സൈബർ സെല്ലിന്റെ സഹാത്തോടെയുമായിരുന്നു അന്വേഷണം. ആദ്യം അൻവർഷായെയും പിന്നീട് ജയകൃഷ്ണനെയും പിടികൂടുകയായിരുന്നു. 

കൂടുതൽ അന്വേഷണത്തിലൂടെ പന്തളം, കുറത്തികാട്, വെൺമണി, വീയപുരം തുടങ്ങിയ സ്ഥലങ്ങളിലും ഇവർ സമാനമായ രീതിയിൽ സ്വർണ്ണം കവർന്നതായി കണ്ടെത്തിയിട്ടുണ്ട്.