യുവതിയുടെ പിന്നാലെ ബൈക്കിൽ പിന്തുടർനെത്തിയ പ്രതികൾ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. കുണ്ടറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

കൊല്ലം: കൊല്ലം കുണ്ടറയിൽ സ്കൂട്ടർ യാത്രികയുടെ സ്വർണമാല കവർന്ന യുവാക്കൾ പിടിയിൽ. പുളിമുക്ക് ഫാത്തിമ മൻസിലിൽ മാഹീൻ (26), ചെമ്മാമുക്ക് ജവഹർ ജംഗ്ഷൻ സജീർ മൻസിലിൽ താരിഹ് (28) എന്നിവരാണ് പിടിയിലായത്. ​മാമ്പുഴ സ്വദേശിനി അർച്ചനയുടെ മാലയാണ് കവർനത്. കഴിഞ്ഞ സെപ്റ്റംബർ പത്താം തീയതി കുണ്ടറ മുക്കട ധന്യ സൂപ്പർ മാർക്കറ്റിന് സമീപത്തുവെച്ചായിരുന്നു കവർച്ച നടന്നത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു അർച്ചന. യുവതിയെ നോട്ടിട്ട യുവാക്കൾ സ്കൂട്ടറിന് പിന്നാലെ ബൈക്കിൽ പിന്തുടർനെത്തി. ആളില്ലാത്ത സ്ഥലത്തെത്തിയതും പ്രതികൾ യുവതിയുടെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.

യുവതിയുടെ പരാതിയിയിൽ കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പിടിയിലായ യുവാക്കൾ സ്ഥിരം കുറ്റവാളികളാണെന്ന് കുണ്ടറ പൊലീസ് അറിയിച്ചു. തൃശ്ശൂർ, ശക്തികുളങ്ങര, ചവറ, കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക