പ്രദേശത്ത് നിരന്തരം മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ രൂപീകരിച്ച ജാഗ്രതാ സമിതിയാണ് വാഹനം തടഞ്ഞത്. നാട്ടുകാരെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ ഓടിച്ചിട്ട് പിടികൂടിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
തിരുവനന്തപുരം: പേയാട് മാലിന്യം തള്ളാൻ എത്തിയതെന്ന് കരുതി നാട്ടുകാർ തടഞ്ഞ വാഹനത്തിൽ നിന്ന് 'കെട്ടുകളായി ഒളിപ്പിച്ച് വെച്ച ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കഞ്ചാവ് വിൽപ്പനയ്ക്കെത്തിച്ച രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് സ്വദേശി വിശ്വലാൽ, തിരുമല സ്വദേശി മുഹമ്മദ് റോഷൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്കോർപിയോ വാഹനത്തിൽ രണ്ടുപേർ പേയാട് പരിസരത്ത് സംശയകരമായി കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വാഹനം തടയുകയായിരുന്നു. ഇതോടെ വാഹനത്തിലുണ്ടായിരുന്നവർ ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഓടിച്ചിട്ട് ഇരുവരേയും പിടികൂടി.

പ്രദേശത്ത് നിരന്തരം മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ രൂപീകരിച്ച ജാഗ്രതാ സമിതിയാണ് വാഹനം തടഞ്ഞത്. നാട്ടുകാരെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുമായി നാട്ടുകാർ പിടികൂടിയ വാഹനത്തിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് എട്ട് പൊതികളിലാക്കി സൂക്ഷിച്ച ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. ഇതോടെ എക്സൈസിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.16 കിലോ കഞ്ചാവ് ഉണ്ടായിരുന്നെന്നും, ഇവ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വിൽപ്പനയ്ക്കെത്തിച്ചതാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.


