തിരുവനന്തപുരം കോവളത്ത് വാഹനപരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ച രണ്ട് യുവാക്കൾ 93 ഗ്രാം എംഡിഎംഎയുമായി പിടിയിലായി. കാറിന്‍റെ ഇന്ധനം നിറയ്ക്കുന്ന ഭാഗത്തും ഷൂവിലുമായാണ് ബംഗളൂരുവിൽ നിന്നെത്തിച്ച ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. സിറ്റി ഡാൻസാഫ് സംഘം പിടികൂടിയ പ്രതികളെ തുടർ അന്വേഷണത്തിനായി കോവളം പൊലീസിന് കൈമാറി.

തിരുവനന്തപുരം: കാറിൽ കടത്താൻ ശ്രമിച്ച 93 ഗ്രാം എംഡിഎംഎയുമായി രണ്ടുയുവാക്കൾ അറസ്റ്റിൽ. പാങ്ങപ്പാറ പുതിയിടത്തിൽ കാവുവിള പനയിൽ വീട്ടിൽ അനന്തു കൃഷ്‌ണൻ(31), വലിയവേളി വിജയഹൗസിൽ തോമസ് ടെറി (30) എന്നിവരാണ് സിറ്റി ഡാൻസാഫ് സംഘത്തിന്‍റെ പിടിയിലായത്. പുലർച്ചെ കോവളം ജംഗ്ഷന് സമീപം ബൈപ്പാസിൽ നടത്തിയ വാഹനപരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പരിശോധനയ്ക്കിടെ പോറോട് പാലത്തിൽ വച്ച് പൊലീസ് വാഹനങ്ങളെ ഇടിച്ചിട്ട ശേഷം കാർ പുറകിലേക്കെടുത്ത് രക്ഷപെടാൻ ശ്രമിക്കവെ മറ്റ് വാഹനങ്ങൾകൊണ്ട് കാറിനെ തടഞ്ഞുനിറുത്തിയാണ് പ്രതികളെ പിടികൂടിയത്.

കാറിന്‍റെ ഇന്ധനം നിറയ്ക്കുന്ന ഭാഗത്തും ഇവരുടെ ഷൂവിലുമായാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ബംഗളൂരുവിൽ നിന്ന് തമിഴ്നാട് അതിർത്തിവരെ ബസിൽ സഞ്ചരിച്ച അനന്തുവിനെ തോമസ് കാറിൽ കൂട്ടിക്കൊണ്ടുവരവെയാണ് പിടിയിലാകുന്നത്. മറ്റൊരാൾക്കായി വില്പനയ്ക്കായാണ് എത്തിച്ചതെന്നും ഇവർ പൊലീസിനോട് പറഞ്ഞു.അനന്തുവിനെതിരെ നേരത്തെ ലഹരി മരുന്ന്കേസുണ്ടെന്നും ശ്രീകാര്യം സ്‌റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ടയാളാണെന്നും പൊലീസ് പറഞ്ഞു. തുടർ അന്വേഷണത്തിനായി പ്രതികളെ കോവളം പൊലീസിന് കൈമാറി.