രാവിലെ ജോലിക്കായി അത് വഴി നടന്ന് പോവുകയായിരുന്നു ഹർഷനും, സുനിലും. അപ്പോഴാണ് റോഡിൽ 500 നോട്ടുകൾ ചിതറിക്കിടന്നത് കണ്ടത്. എന്തോ പേപ്പറുകളാണെന്ന് കരുതി അടുത്ത് ചെന്നപ്പോഴാണ് നിറയെ 500 രൂപ നോട്ടുകളാണെന്ന് മനസിലായത്.

ഹരിപ്പാട്: ആലപ്പുഴയിൽ റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ 50,000 ത്തോളം രൂപ ഉടമസ്ഥന് തിരികെ നൽകി യുവാക്കൾ മാതൃകയായി. ഹരിപ്പാട് സ്വദേശി ഹർഷൻ, ചിങ്ങോലി സ്വദേശി സുനിൽ എന്നിവരാണ് റോഡിൽ നിന്നും വീണു കിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകിയത്. ഹരിപ്പാട് കാർത്തികപ്പള്ളി റോഡിൽ മുസ്ലിം പള്ളിക്ക് സമീപമാണ് സംഭവം.

രാവിലെ ജോലിക്കായി അത് വഴി നടന്ന് പോവുകയായിരുന്നു ഹർഷനും, സുനിലും. അപ്പോഴാണ് റോഡിൽ 500 നോട്ടുകൾ ചിതറിക്കിടന്നത് കണ്ടത്. എന്തോ പേപ്പറുകളാണെന്ന് കരുതി അടുത്ത് ചെന്നപ്പോഴാണ് നിറയെ 500 രൂപ നോട്ടുകളാണെന്ന് മനസിലായത്. ഇതോടെ ഹർഷനും, സുനിലും നോട്ടുകൾ പെറുക്കിയെടുത്തു. 50000 രൂപയുടെ 500 രൂപ നോട്ടുകളാണ് ഇരുവർക്കും റോഡിൽ നിന്നും കിട്ടിയത്. പണമെല്ലാം എണ്ണി തിട്ടപ്പെടുത്തി ഇരുവരും പിന്നാലെ ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ എത്തി, പണം ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയായിരുന്നു. 

വിവരമറിഞ്ഞ് പിന്നീട് ഉടമസ്ഥൻ ആറാട്ടുപുഴ സ്വദേശി അഷറഫ് പോലീസ് സ്റ്റേഷനിൽ എത്തി പണം ഏറ്റുവാങ്ങി. സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിൽ സ്വർണ്ണം പണയംവെച്ച പണമായിരുന്നു റോഡിൽ നഷ്ടപ്പെട്ടത്. ഹർഷനും, സുനിലും ചെയ്തത് ഏല്ലാവർക്കും മാതൃകയാണെന്ന് ഹരിപ്പാട് പൊലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ പറഞ്ഞു. വഴിയിൽ കിടന്ന് കൈ നിറയെ പണം കിട്ടിയിട്ടും കണ്ണു മഞ്ഞളിക്കാതെ പണം ഉടമസ്ഥനെ ഏൽപ്പിച്ച യുവാക്കളുടെ സത്യസന്ധതയ്ക്ക് കൈയ്യടിക്കുകയാണ് നാട്ടുകാരും.

Read More :  മുളകുപൊടി ഒത്തില്ല! 26 ലക്ഷത്തിന്‍റെ സ്വർണ കവർച്ച, വമ്പൻ ട്വിസ്റ്റ്; എല്ലാം മൂവാറ്റുപുഴ ബാങ്ക് മാനേജരുടെ നാടകം