ഞായറാഴ്ച രാത്രി 11.30 ന് നഗരിപ്പുറത്ത് പാതയോരത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ഇരുവരും കടയുടമയുമായി തർക്കത്തിലായി. കയ്യാങ്കളിയിലേക്കെത്തിയതോടെ കടയുടമ മങ്കര പൊലീസിൻ്റെ സഹായം തേടുകയായിരുന്നു.
പാലക്കാട്: പാലക്കാട് മങ്കരയിൽ പൊലീസ് ശാസിച്ചതിന് സ്റ്റേഷനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. നഗരിപ്പുറം സ്വദേശികളായ അനിൽ കുമാർ, മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്. അർധരാത്രി ബൈക്കിലെത്തിയാണ് പൊലീസ് സ്റ്റേഷൻ്റെ ജനൽചില്ല് എറിഞ്ഞ് തകർത്തത്.
ഞായറാഴ്ച രാത്രി 11.30 ന് നഗരിപ്പുറത്ത് പാതയോരത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ഇരുവരും കടയുടമയുമായി തർക്കത്തിലായി. കയ്യാങ്കളിയിലേക്കെത്തിയതോടെ കടയുടമ മങ്കര പൊലീസിൻ്റെ സഹായം തേടുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പ്രതികളുമായി സംസാരിച്ചു പ്രശ്നം പരിഹരിച്ചു ഇരുവരേയും പറഞ്ഞുവിട്ടു. എന്നാൽ അരമണിക്കൂറിന് ശേഷം യുവാക്കൾ ബൈക്കിലെത്തി സ്റ്റേഷനു നേരെ കല്ലെറിയുകയായിരുന്നു. ഉദ്യോഗസ്ഥർ പുറത്തിറങ്ങുമ്പോഴേക്ക് ഇരുവരും കടന്നു കളഞ്ഞു. സിസിടിവി പരിശോധിച്ച പൊലീസ് പ്രതികളെ വീടുകളിലെത്തിയാണ് കയ്യോടെ പൊക്കിയത്. കല്ലേറിൽ സ്റ്റേഷൻ്റെ മുൻ ഭാഗത്തെ ചില്ലുകൾ തകർന്നതായി കണ്ടെത്തി. പൊതുമുതൽ നശിപ്പിച്ചതിനെതിരെയാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
