പദ്ധതി വിപുലീകരിക്കാന്‍ ധനസമാഹരണ കാമ്പയില്‍ ഈ മാസം 31ന് തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍

കോഴിക്കോട്: തെരുവില്‍ അനാഥമാകുന്ന മനുഷ്യരെ സുരക്ഷിത കൈകളിലെത്തിക്കുന്ന കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്‍റെ ഉദയം പദ്ധതി പ്രകാരം മൂന്ന് വര്‍ഷത്തിനിടെ പുനരധിവസിപ്പിച്ചത് രണ്ടായിരത്തിലേറെ പേരെ. തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോട് എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

2020 മാര്‍ച്ച് 24 നാണ് അന്നത്തെ കോഴിക്കോട് കലക്ടറുടെ നേതൃത്വത്തിലാണ് തെരുവില്‍ ജീവിക്കുന്നവരെ പുരനരധിവസിപ്പിക്കാന്‍ ഉദയം പദ്ധതി തുടങ്ങിയത്. ചേവായൂര്‍, വെള്ളിമാട് കുന്ന്, വെസ്റ്റ്ഹില്‍ എന്നീ മൂന്ന് ഹോമുകളിലായി രണ്ടായിരത്തോളം പേരെ പുനരധിവസിപ്പിച്ചു. ഉദയത്തില്‍ എത്തുന്ന ഓരോ അന്തേവാസിയുടെയും കുടുംബാംഗങ്ങളെ കണ്ടെത്തുകയും കുടുംബം ഉള്ളവരെ സുരക്ഷിതമായി വീടുകളിലേക്ക് തിരിച്ചത്തിക്കുകയുമാണ് ചെയ്യുന്നത്. ഇതുവരെ 250 പേരെ ഈ രീതിയില്‍ വീടുകളിലെത്തിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള സേവനങ്ങളും നല്‍കും. ഇവരുടെ ആരോഗ്യപരിചരണമാണ് ഉദയം പദ്ധതിയിലെ മറ്റൊരു പ്രധാന സേവനം. സര്‍ക്കാര്‍ സഹായത്തിലുപരി പൊതുജനങ്ങളില്‍നിന്നുള്ള സാമ്പത്തിക സഹായം കണ്ടെത്തിയാണ് ഉദയത്തിന്‍റെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്.

പദ്ധതി കൂടുതല്‍ പേരിലെത്തിക്കാന്‍ ധനസമാഹരണ കാമ്പയില്‍ ഈ മാസം 31ന് തുടങ്ങുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിനായി 150ഓളം കോളേജുകളില്‍ നിന്നായി 15000 ത്തോളം വിദ്യാര്‍ത്ഥികള്‍ ധനസമാഹരണത്തിന് ഇറങ്ങും. കോളേജുകളിലെ എന്‍.എസ്.എസ് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് ധനസമാഹരണ കാമ്പയിന്‍. 

YouTube video player