സുമയുടെ വീട് നിന്ന കുന്നിൽ നിന്നും ജിയോളജി വകുപ്പ് അനുവദിച്ചതിലും കൂടുതൽ മണ്ണെടുത്തത് പഞ്ചായത്തിന്റെ വീഴ്ചയാണ് എന്നായിരുന്നു റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ.

കുണ്ടറ: കൊല്ലം കുണ്ടറയിൽ നിർധന കുടുംബത്തിൻറെ വീട് മണ്ണ് മാഫിയ തകര്‍ത്ത സംഭവത്തിൽ കുണ്ടറ പഞ്ചായത്തിന് മുന്നിൽ പ്രതിഷേധവുമായി പ്രതിപക്ഷം. കിടപ്പാടം നഷ്ടപ്പെട്ട സുമയ്ക്ക് അടിയന്തരമായി വീട് വെച്ച് നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് നടപടി എടുക്കുന്നില്ലെന്നാണ് പ്രതിപക്ഷത്തിന് ആരോപണം.

സുമയുടെ വീട് നിന്ന കുന്നിൽ നിന്നും ജിയോളജി വകുപ്പ് അനുവദിച്ചതിലും കൂടുതൽ മണ്ണെടുത്തത് പഞ്ചായത്തിന്റെ വീഴ്ചയാണ് എന്നായിരുന്നു റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ. പിന്നാലെ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് കുണ്ടറ പഞ്ചായത്തിന് ജില്ലാ കളക്ടർ അഫ്‌സാന പർവിൻ നിർദ്ദേശം നൽകിയതുമാണ്. എന്നാൽ രണ്ടാഴ്ച്ച കഴിഞ്ഞിട്ടും പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്.

സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് ഭിത്തി കെട്ടാനുള്ള പഞ്ചായത്തിന്റെ ശ്രമത്തെയും പ്രതിപക്ഷം എതിർത്തു. ഭൂവുടമകളിൽ നിന്നും മണ്ണ് മാഫിയയുടെ കയ്യിൽ നിന്നും പിഴയീടാക്കി സംരക്ഷണ ഭിത്തി കെട്ടണമെന്നാണ് ഇവരുടെ ആവശ്യം. ഒപ്പം ആറ് മാസത്തിലധികമായി പഞ്ചായത്തിന്റെ വായനശാലയിൽ കിടക്കുന്ന സുമയ്ക്കും കുടുംബത്തിനും സുരക്ഷിതമായ മറ്റൊരു സ്ഥലം കണ്ടെത്തി ഉടൻ വീട് വച്ചു നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വലിയ പ്രതിഷേധങ്ങൾ ഉയരുമ്പോഴും സുമയ്ക്ക് വീടൊരുക്കുന്ന കാര്യത്തിൽ വിശദീകരണം ചോദിക്കുമ്പോൾ കുണ്ടറ പഞ്ചായത്ത് ഇരുട്ടിൽ തപ്പുകയാണ്.

Read More : കൊടുങ്ങല്ലൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് കുട്ടികൾക്ക് പരിക്ക്

വീട് മണ്ണ് മാഫിയ തോണ്ടിയ സംഭവം; പഞ്ചായത്തിന് മുന്നില്‍ പ്രതിഷേധവുമായി പ്രതിപക്ഷം | Sand Mafia