ഭരണകക്ഷിയിലെ ചിലരെ യു.ഡി.എഫ് പാളയത്തിലെത്തിക്കാനും അണിയറനീക്കം.
കല്‍പ്പറ്റ: സി പി എമ്മിന്റെ പിന്തുണയോടെ കേരളാ കോണ്‍ഗ്രസ് (എം) ന്റെ ചെയര്‍മാന്‍ നേതൃത്വം നല്‍കുന്ന സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഭരണസമിതിക്കെതിരെ യു ഡി എഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസ്. യു ഡി എഫ് കൗണ്‍സിലര്‍മാരായ എന്‍ എം വിജയന്‍, ആര്‍ രാജേഷ് കുമാര്‍, പി പി അയ്യൂബ്, ഷബീര്‍ അഹമ്മദ് എന്നിവരാണ് നഗരസഭാ ചെയര്‍മാന്‍ ടി എല്‍ സാബു, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിഷാ ഷാജി എന്നിവര്‍ക്കെതിരെ കോഴിക്കോട് നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് കെ പവിത്രന്‍ മുമ്പാകെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.
യു ഡി എഫിലെ 17 കൗണ്‍സിലര്‍മാരും നോട്ടീസില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നാണ് വിവരം. പതിനഞ്ച് ദിവസത്തിനുള്ളില്‍ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യും. 35 അംഗ കൗണ്‍സിലില്‍ നിലവില്‍ ഇരുമുന്നണികള്‍ക്കും 17 വീതം അംഗങ്ങളാണുള്ളത്. സി പി എമ്മിന് 16, കേരളാ കോണ്‍ഗ്രസ് (എം) ഒന്ന് എന്നിങ്ങനെയാണിത്. അവിശ്വാസം പ്രമേയം ചര്‍ച്ചക്കിടുമ്പോള്‍ സി പി എം - കേരളാ കോണ്‍ഗ്രസ് (എം) സഖ്യത്തിന് കേവല ഭൂരിപക്ഷം തെളിയിക്കാന്‍ ഒരംഗത്തിന്റെയെങ്കിലും പിന്തുണ ഉണ്ടെങ്കില്‍ ഭരണം തുടരാം.
കോണ്‍ഗ്രസിന് ഒമ്പതും മുസ്‌ലിം ലീഗിന് എട്ടും ഉള്‍പ്പെടെയാണ് യു ഡി എഫിന്റെ 17 അംഗങ്ങള്‍. എന്നാല്‍ ബി ജെ പിയുടെ ഏക അംഗത്തില്‍ വിശ്വസിച്ചാണ് യു ഡി എഫിന്‍റെ നീക്കം. ഭരണപക്ഷത്തുള്ള ചില അംഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്.
അടുത്തിടെ കരിവള്ളിക്കുന്ന് ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്താണ് യു ഡി എഫ് തുല്യശക്തിയായത്. അന്ന് തന്നെ അവിശ്വാസ നീക്കം തീരുമാനിച്ചിരുന്നെങ്കിലും അധികാര സ്ഥാനങ്ങള്‍ വീതംവെക്കുന്നതുള്‍പ്പടെയുള്ള തര്‍ക്കങ്ങളാണ് നോട്ടീസ് സമര്‍പ്പണം വൈകിപ്പിച്ചത്. അവിശ്വാസം വിജയിച്ചാല്‍ കോണ്‍ഗ്രസിന് ചെയര്‍മാന്‍ സ്ഥാനവും മുസ്ലീം ലീഗിന് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനവും നല്‍കാനാണ് ധാരണയായിരിക്കുന്നത്.
18 മാസമാണ് ഇനി ഭരണ സമിതിയുടെ കാലാവധി. കഴിഞ്ഞ ദിവസം ചെയര്‍മാന്‍ ടി എല്‍ സാബുവിന്റെ ഗൃഹപ്രവേശമായിരുന്നു. ചടങ്ങിന് യു ഡി എഫ് കൗണ്‍സിലര്‍മാരെ ക്ഷണിച്ചെങ്കിലും അധികപേരും എത്തിയിരുന്നില്ല. പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ അഭാവം ചര്‍ച്ചയായതിന് പിന്നാലെയാണ് ടി എല്‍ സാബുവിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയ വിവരം പുറത്താകുന്നത്.
