എസ്‌കോർട്ട് ഡ്യൂട്ടിക്കിടെ പോലീസുകാരന്റെ പിസ്റ്റൾ മോഷ്ടിച്ച കേസിൽ ഒന്നും മൂന്നും പ്രതികളെ ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു. 2022 ഒക്ടോബറിൽ നടന്ന സംഭവത്തിൽ, ബസിൽ വെച്ച് പിസ്റ്റൾ മോഷ്ടിച്ചു എന്നായിരുന്നു കേസ്. കേസിലെ രണ്ടാം പ്രതിയുടെ വിചാരണ ഇനിയും നടക്കാനുണ്ട്.
ആലപ്പുഴ: എസ്‌കോർട്ട് ഡ്യൂട്ടിക്കായി പോയ പോലീസുകാരന്റെ ബെൽറ്റ് പൗച്ചിൽ നിന്നും പിസ്റ്റൾ മോഷ്ടിച്ച കേസിൽ ഒന്നും മൂന്നും പ്രതികളെ കോടതി വെറുതെ വിട്ടു. ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (കോടതി 1) ജഡ്ജി രേഷ്മ ആർ. എസ്. ആണ് ഒന്നാം പ്രതി യദു കൃഷ്ണനെയും മൂന്നാം പ്രതി സന്ധ്യയെയും കുറ്റവിമുക്തരാക്കി ഉത്തരവിട്ടത്. കേസിൽ ഉൾപ്പെട്ട രണ്ടാം പ്രതി ഇതുവരെ വിചാരണ നേരിട്ടിട്ടില്ല. 2022 ഒക്ടോബർ 6-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ആലപ്പുഴ എ.ആർ. ക്യാമ്പിൽ നിന്നും എസ്‌കോർട്ട് ഡ്യൂട്ടിക്കായി പോയ പോലീസ് ഉദ്യോഗസ്ഥന്റെ പക്കൽ നിന്നാണ് പിസ്റ്റൾ നഷ്ടപ്പെട്ടത്. ഉദ്യോഗസ്ഥൻ സഞ്ചരിച്ച ബസ് ആലപ്പുഴ റബ്ബർ ഫാക്ടറി ജംഗ്ഷനിൽ എത്തിയ സമയത്ത്, ബെൽറ്റിന്റെ പൗച്ചിൽ സൂക്ഷിച്ചിരുന്ന പിസ്റ്റൾ പ്രതികൾ ചേർന്ന് മോഷ്ടിച്ചെടുത്തു എന്നാണ് കേസ്. കോടതിയിൽ ഒന്നാം പ്രതിക്ക് വേണ്ടി അഭിഭാഷകരായ അഡ്വ. വി. ദീപക്, അഡ്വ. റമീസ് രാജ, അഡ്വ. ഹൃദ്യ ആർ. നായർ എന്നിവർ ഹാജരായി. മൂന്നാം പ്രതിക്ക് വേണ്ടി ചീഫ് ഡിഫൻസ് കൗൺസിൽ അഡ്വ. സുധീഷ് ടി. ടി., അസിസ്റ്റന്റ് ഡിഫൻസ് കൗൺസിൽ അഡ്വ. ശ്രീവിദ്യ എസ്. എന്നിവരാണ് കോടതിയിൽ ഹാജരായത്.

