തൃശൂർ: കേരള നഴ്സിംഗ് കൗൺസിൽ (കെഎൻസി) തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) തീരുമാനിച്ചു. ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന യുഎന്‍എ തൃശൂരിൽ നടന്ന ജില്ലാ സമ്മേളനത്തിൽ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

ദേശീയ പ്രസിഡന്‍റ് ജാസ്മിൻഷ ആണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തിൽ ഷോബി ജോസഫ് (ഇടുക്കി), സുജനപാൽ എ.കെ(പാലക്കാട്), സിബി മുകേഷ് എം.പി(തിരുവനന്തപുരം), ടിഎൻഎഐ സംവരണത്തിൽ എം.എം ഹാരിസ്(എറണാകുളം), പ്രൈവറ്റ് ഹോസ്പിറ്റൽ വിഭാഗത്തിൽ എബി റപ്പായി(കോഴിക്കോട്), മിഡ് വൈഫ് വിഭാഗത്തിൽ രശ്മി പി(തൃശൂർ), എഎൻഎം വിഭാഗത്തിൽ സിന്ധു കെ.ബി(തൃശൂർ), ലിബി ഡാനിയൽ(കൊല്ലം) എന്നിവരാണ് യുഎൻഎ പാനലിൽ മത്സരിക്കുന്നത്.

കെഎൻസിയിലെ കൊള്ള നിർത്തലാക്കുന്നതിനാണ് യുഎൻഎ ലക്ഷ്യം വയ്ക്കുന്നതെന്ന് ജാസ്മിൻഷ പറഞ്ഞു. കോടികളുടെ ആസ്ഥിയുണ്ടായിട്ടും ഒരു രൂപ പോലും സഹായം നൽകാത്ത ഭരണസമിതിയാണ് നിലവിലുള്ളത്. യുഎൻഎ സ്ഥാനാർഥികള്‍ വിജയിച്ചാൽ നഴ്സിംഗ് കൗൺസിലിനെ നഴ്സുമാരുടെ പക്ഷത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലാ പ്രസിഡന്‍റ് ഡയ്ഫിൻ ഡേവിസ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സുജനപാൽ അച്യുതൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ ജനറല്‍ സെക്രട്ടറി സുധീപ് എം.വി, സംസ്ഥാന പ്രസിഡന്‍റ്  ഷോബി ജോസഫ്, ദേശീയ വൈസ് പ്രസിഡന്‍റ്  ഹാരിസ് മണലുംപാറ, സംസ്ഥാന ട്രഷറർ ബിബിൻ എൻ പോൾ, യുഎൻഎസ്എ സംസ്ഥാന പ്രസിഡന്‍റ് എൻ.യു വിഷ്ണു, യുഎൻഎ സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ രശ്മി പരമേശ്വരൻ, സിബി മുകേഷ്, സുനീഷ് ഉണ്ണി, ജോയിന്‍റ്  സെക്രട്ടറി ശുഹൈബ് വണ്ണാരത്ത്, കവിയും ചരിത്രകാരനുമായ സർജു കളവംകോണം എന്നിവർ പ്രസംഗിച്ചു.

ജില്ലാ സെക്രട്ടറി ടിന്‍റു തോമസ് സ്വാഗതവും യുഎൻഎ നിയുക്ത ജില്ലാ പ്രസിഡന്‍റ്  നിതിൻമോൻ സണ്ണി നന്ദിയും പറഞ്ഞു. രണ്ട് ദിവസമായി നടന്ന ജില്ലാ സമ്മേളനത്തിന്‍റെ സമാപനം കുറിച്ച് വിദ്യാർഥി കോർണറിൽ നിന്ന് ആരംഭിച്ച റാലിയിൽ ആയിരക്കണക്കിന് നഴ്സുമാർ പങ്കെടുത്തു.