പുഴയോരത്ത് അനധികൃത നിര്‍മ്മാണം നടത്തിയ  മൂന്നാര്‍ ഗ്രാമപഞ്ചായത്തിന് റവന്യൂ വകുപ്പിന്‍റെ നോട്ടീസ്.    

ഇടുക്കി: പുഴയോരത്ത് അനധികൃത നിര്‍മ്മാണം നടത്തിയ മൂന്നാര്‍ ഗ്രാമപഞ്ചായത്തിന് റവന്യൂ വകുപ്പിന്‍റെ നോട്ടീസ്. സര്‍ക്കാര്‍ അനുമതിയില്ലാതെ പഴയമൂന്നാറില്‍ മുതിരപ്പുഴയാറിന്റ തീരത്ത് നിര്‍മ്മിക്കുന്ന കെട്ടിടത്തിനാണ് റവന്യൂ വകുപ്പ് നിര്‍ത്തിവയ്ക്കല്‍ നോട്ടീസ് നല്‍കിയത്. 

കേറിക്കിടക്കാന്‍ ഒരു വീട് നിര്‍മ്മിക്കുന്നതിന് പെര്‍മ്മിറ്റ് നല്‍കാന്‍ നിയമവശങ്ങള്‍ ഇഴകീറി പരിശോധിക്കുന്ന മൂന്നാര്‍ ഗ്രാമപഞ്ചായത്താണ് നിയമലംഘനത്തിന് മാതൃകയായി മാറിയിരിക്കുകയാണ്. മുതിരപ്പുഴയാറില്‍ നിന്നും നിയമപരമായി പാലിക്കേണ്ട അകലമില്ലാതെയാണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്നും. മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനുവേണ്ടി പാര്‍ക്കിംങ്ങ് ഗ്രൗണ്ട് നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് കമ്പനി സ്ഥലം വിട്ടു നല്‍കിയതെന്നുമുള്ള ആരോപണവുമായി പരിസ്ഥിതി പ്രവര്‍ത്തകരടക്കം മുന്നോട്ട് വന്നിരുന്നു. ഇതിനെതിരേ പരാതികളും പ്രദേശവാസികള്‍ ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് പഞ്ചായത്ത് റവന്യുവകുപ്പിന്‍റെ അനുമതിയില്ലാതെ കെട്ടിട നിര്‍മ്മാണം ആരംഭിച്ചത്.

ആരോപണങ്ങളും പരാതികളും വകവെയ്ക്കാതെ നടത്തി നിര്‍മ്മാണത്തിനെതിരെ റവന്യുവകുപ്പ് രംഗത്തെത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ കെഡിഎച്ച് വില്ലേജ് ഓഫീസര്‍ ആയൂബ് ഖാന്‍ മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി മധുസൂതനനന്‍ ഉണ്ണിത്താന് നേരിട്ടെത്തിയാണ് നിര്‍ത്തിവെക്കല്‍ നോട്ടീസ് നല്‍കിയത്. വനിതാ വ്യാവസായ കേന്ദ്രമെന്ന രീതിയിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 

അറുപത് മുറികളോട് കൂടിയ കെട്ടിടത്തിന് ഒരുകോടി നാലു ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നിലവില്‍ സ്റ്റോപ് മെമ്മോ നല്‍കിയതോടെ ബില്ല് മാറാനാവാതെ കരാറുകാരനും വെട്ടിലാകും. നിയമപരമായ കാര്യങ്ങള്‍ ഒന്നും പാലിക്കാതെ കോടികള്‍ ഫണ്ടനുവധിച്ച് കെട്ടിടം നിര്‍മ്മിക്കുന്നതില്‍ അഴിമതിയുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

കൊച്ചി- ധുഷ്‌കോടി ദേശീയപാത കടന്നുപോകുന്ന പഴയമൂന്നാര്‍ ഭാഗങ്ങളിലെ പെട്ടിക്കടക്കാര്‍ക്ക് പാര്‍ക്കിംങ്ങ് ഗ്രൗണ്ടിന് സമീപത്ത് കടമുറികള്‍ നിര്‍ച്ചുനല്‍കുമെന്ന് അധിക്യതര്‍ അറിയിച്ചിരുന്നു. പാര്‍ക്കിംങ്ങ് ഗ്രൗണ്ടിന് മുന്‍വശത്ത് കച്ചവടം നടത്തുന്ന 29 കച്ചവടക്കാര്‍ക്കാണ് കടമുറികള്‍ നല്‍കുമെന്ന് അധിക്യതര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ ഇത്തരം വ്യവസ്ഥകള്‍ പാലിക്കാതെ വനിത വ്യവസായ കേന്ദ്രമെന്ന വ്യാജേന കെട്ടിടം നിര്‍മ്മിച്ചതാണ് പരാതികളുമായി നാട്ടുകാര്‍ രംഗത്തെത്താന്‍ കാരണം. തന്നയുമല്ല മൂന്നാറിലെ പ്രവേറ്റ് ബസ്സ്റ്റാന്‍റായി പ്രഖ്യാപിച്ച ഭാഗങ്ങളില്‍ നടക്കുന്ന നിര്‍മ്മാണങ്ങള്‍ പദ്ധതിക്ക് തടസ്സമാകുകയും ചെയ്യും.