ഇരുവൃക്കകളും തകരാറിലായ 26- കാരി ഉനീഷയ്ക്ക് ഇനി ആശ്രയം നല്ലവരായ മനുഷ്യരുടെ സഹായമാണ്. തൃശൂര്‍ കോട്ടപ്പടിയിലെ വാടകവീട്ടിലാണ് ഉനീഷയും ഭര്‍ത്താവ് സന്ദീപും കഴിയുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഉനീഷയ്ക്ക് അസുഖം ബാധിച്ചത്. ഇടയ്ക്കിടെ പനി വരുമായിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ല. ഡോക്ടര്‍മാര്‍ നല്‍കിയ പനിക്കുള്ള മരുന്നുകള്‍ കഴിച്ചുനോക്കി. ഒരുച്ചയ്ക്ക് ഒരു വയസുകാരി മകള്‍ക്ക് പാല്‍ നല്‍കി കിടക്കുമ്പോള്‍ ബോധരഹിതയായ ഉനീഷയെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഉടനെത്തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റേണ്ടിവന്നു. അവിടെ നടത്തിയ പരിശോധനയില്‍ വൃക്കകള്‍ തകരാറിലാണെന്നു കണ്ടെത്തുകയായിരുന്നു. കൂടുതല്‍ സൗകര്യമുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അവിടെ ഡോ.നൗഷാദിന്റെ ചികിത്സയിലാണിപ്പോള്‍ ഉനീഷ. 

വിദഗ്ദ്ധ പരിശോധനയില്‍ ഒരു വൃക്കയില്‍ മൂന്നു മുഴകള്‍ ഉള്ളതായി കണ്ടെത്തി. അര്‍ബുദമാണോയെന്നറിയാന്‍ നടത്തിയ ബയോപ്‌സി ടെസ്റ്റില്‍ നട്ടെല്ലിനിടയിലൂടെ വൃക്കയില്‍ മറ്റൊരു വലിയ മുഴ വളരുന്നതായും കണ്ടു. ഇത് അര്‍ബുദമാകാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടര്‍ അറിയിക്കുന്നു. ഉടന്‍ വൃക്ക മാറ്റിവെയ്ക്കുകയാണ് ഉനീഷയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ഏക പോംവഴി. അതിനു മുമ്പ് മുഴ നീക്കാനുള്ള ശസ്ത്രക്രിയയും ചെയ്യണം. പക്ഷേ നിര്‍ധന കുടുംബത്തിലെ അംഗമായ ഉനീഷയ്ക്ക് അതിനു വേണ്ട ലക്ഷങ്ങളുടെ ചെലവ് താങ്ങാനാകില്ല. 

ഉനീഷയ്‌ക്കൊപ്പം എപ്പോഴും നില്‍ക്കേണ്ടതിനാല്‍ ഭര്‍ത്താവിനു ജോലിക്കു പോകാനുമാകുന്നില്ല. ഒരു വയസുള്ള മകള്‍ അവന്തികയെ ഉനീഷയുടെ അമ്മയാണ് നോക്കുന്നത്. ഇതുവരെ ചികിത്സയ്ക്ക് ഒരു ലക്ഷത്തിനു താഴെ രൂപ ചെലവായി. ഫെബ്രുവരി 28-ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഒരു ദിവസം ഇടവിട്ട് ഡയാലിസിസ് നടത്തിയാണ് ജീവന്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. ഒരു തവണ പോലും അത് മുടക്കാനാകില്ല. ചൂണ്ടലിലെ ഒരു സ്വകാര്യ ഡയാലിസിസ് സെന്ററിലാണ് ഡയാലിസിസ് നടത്തുന്നത്. ഒരു തവണ ഡയാലിസിസ് ചെയ്യാന്‍ 3500 രൂപയാകും. മാസത്തിലൊരിക്കല്‍ 1500 രൂപയുടെ ഇന്‍ജക്ഷനും വേണം. ഈ തുക തന്നെ കണ്ടെത്താന്‍ പാടുപെടുന്ന കുടുംബത്തിന് ശസ്ത്രക്രിയയുടെ ചെലവ് ആലോചിക്കാന്‍ പോലുമാകില്ല. കടംവാങ്ങിയും ചിലര്‍ സഹായിച്ചുമാണ് ഇവിടെവരെയെത്തിയത്. 

വൃക്ക നല്‍കാന്‍ അച്ഛന്‍ ഒരുക്കമാണെങ്കിലും ചേര്‍ച്ചയറിയാനുള്ള പരിശോധനകള്‍ നടത്തിയിട്ടില്ല. പണമില്ലാതെ അതറിഞ്ഞിട്ടെന്തു കാര്യമെന്നാണ് ഉനീഷയുടെ ചോദ്യം. വൃക്ക മാറ്റിവെക്കാനുള്ള ശസ്ത്രക്രിയയ്ക്ക് ആശുപത്രിയില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും പണമില്ലാത്തതിനാല്‍ വീട്ടില്‍ തന്നെ കഴിയുകയാണ്. മകള്‍ക്കു വേണ്ടിയെങ്കിലും ജീവിച്ചിരുന്നേ മതിയാകൂ എന്നാണ് ഉനീഷയുടെ പ്രാര്‍ഥനയും ആഗ്രഹവും. ഇനി അതിനുവേണ്ടത് സന്മനസ്സുള്ളവരുടെ സഹായമാണ്.

ഉനീഷയെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ ബാങ്ക് അക്കൗണ്ടു വഴി പണമയയ്ക്കാം

UNEESHA M.U.
അക്കൗണ്ട് നമ്പര്‍ : 001003600008675
ഐ.എഫ്.എസ്.സി. കോഡ്: DLXB0000010
കുന്നകുളം ബ്രാഞ്ച്
ധനലക്ഷ്മി ബാങ്ക്
ഫോണ്‍: 9961311529