'തൊടരുത്, മുളവടി കൊണ്ട് അടിക്ക്' എന്ന ജാനമ്മയടുെ മുൻകരുതലാണ് ഓടിക്കൂടിയവരെയെല്ലാം രക്ഷിച്ചത്
ഹരിപ്പാട്: തൊഴിലുറപ്പ് തൊഴിലാളിയായ ജാനമ്മയുടെ ഇടപെടലില്‍ ഹരിപ്പാട് ഒഴിവായത് വന്‍ദുരന്തം. പുരയിടത്തില്‍ കാട് തെളിക്കുന്ന ജോലിക്കിടെ പഴയ ടെലിഫോണ്‍ പോസ്റ്റിലെ സ്റ്റേ വയറില്‍ നിന്നു ഷോക്കേറ്റു വീണ കിടന്ന വീയപുരം പത്തിശേരില്‍ ജാനമ്മ (65) ആണ് സമയോചിതമായ ഇടപെടലിലൂടെ ഒപ്പം പണിയെടുത്തവരുടെ രക്ഷകയായത്. ഷോക്കേറ്റ് വീണ തന്നെ പാമ്പുകടിയേറ്റതാണെന്ന് കരുതി രക്ഷിക്കാനായി എത്തിയവര്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ കരുതല്‍ കാണിച്ച രാജമ്മയുടെ സ്നേഹം ഏവർക്കും മാതൃകയാണ്.
സംഭവം ഇങ്ങനെ
വീയപുരം ഇലഞ്ഞിക്കല്‍ വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു ജാനമ്മ. പുരയിടത്തിലെ കാട് തെളിക്കുമ്പോള്‍ ടെലിഫോണ്‍ പോസ്റ്റിന്റെ സ്റ്റേ വയറിലെ വള്ളികള്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ് താഴെ വീണെങ്കിലും സ്റ്റേ വയറില്‍ ഒരു വിരല്‍ കുടുങ്ങിയ നിലയിലായിരുന്നു. ജാനമ്മയുടെ നിലവിളികേട്ട് വീട്ടുടമസ്ഥ പ്രീതി ഏബ്രഹാമടക്കമുള്ളവർ ഓടിയെത്തി. പാമ്പ് കടിയേറ്റതാണെന്നു വിചാരിച്ച് ജാനമ്മയുടെ അടുത്ത് എത്തിയപ്പോള്‍ തൊടരുത്, മുളവടി കൊണ്ട് അടിക്ക് എന്നു വിളിച്ചു പറഞ്ഞു. ബഹളം കേട്ട് പ്രീതി ഏബ്രഹാമിന്റെ ഭര്‍ത്താവും ബന്ധുക്കളും ഒടിയെത്തിയപ്പോഴും തൊടരുത് എന്നു ജാനമ്മ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. 'തൊടരുത്, മുളവടി കൊണ്ട് അടിക്ക്' എന്ന ജാനമ്മയടുെ മുൻകരുതലാണ് ഓടിക്കൂടിയവരെയെല്ലാം രക്ഷിച്ചത്.
ഉടന്‍തന്നെ പ്രീതി സമീപമുണ്ടായിരുന്ന മുളവടികൊണ്ട് അടിച്ച് സ്റ്റേ വയറില്‍ നിന്നു വിരല്‍ മാറ്റി. ബഹളം കേട്ട് നാട്ടുകാരും ഓടിയെത്തി. വീട്ടുകാര്‍ കടപ്ര കെ എസ് ഇ ബി ഓഫിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വീയപുരം ഭാഗത്തേക്കുള്ള ഫീഡര്‍ ഓഫ് ചെയ്ത ശേഷം ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് പാഞ്ഞെത്തി. ഉപയോഗിക്കാതെ നിന്നിരുന്ന ടെലിഫോണ്‍ പോസ്റ്റ് ചരിഞ്ഞ നിലയിലായതിനാല്‍ സമീപമുള്ള വസ്തുവില്‍ നിന്നിരുന്ന തെങ്ങിലെ ഓല എല്‍ടി ലൈനില്‍ വീണ് ലൈന്‍ താഴ്ന്നു ടെലിഫോണ്‍ പോസ്റ്റില്‍ മുട്ടി കിടന്നതാണ് അപകടകാരണമെന്നു കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തെങ്ങിന്‍റെ ഓലകള്‍ വെട്ടിമാറ്റുകയും ടെലിഫോണ്‍ പോസ്റ്റ് പിഴുത് മാറ്റുകയും ചെയ്ത് അപകടം സാധ്യത ഒഴിവാക്കിയതായും കെ എസ് ഇ ബി അധികൃതര്‍ പറഞ്ഞു. ടെലിഫോണ്‍ പോസ്റ്റ് ഇരുമ്പായതിനാല്‍ വൈദ്യുതി പ്രവാഹം ഭൂമിയിലേക്ക് കൂടുതലായി പോയതാണ് മരണത്തില്‍ നിന്നു രക്ഷപ്പെടാന്‍ കാരണമായതെന്നു അധികൃതര്‍ പറഞ്ഞു. ജാനമ്മയുടെ ചൂണ്ടു വിരലിന് പൊള്ളലേറ്റതിനെ തുടര്‍ന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

