നവജാത ശിശുവും അമ്മൂമ്മ ശോഭയും ഓട്ടോ ഡ്രൈവർ സുനിലുമാണ് മരിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു. കെ എസ് ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. നാല് ദിവസം പ്രായമായ കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. നവജാത ശിശുവും അമ്മൂമ്മ ശോഭയും ഓട്ടോ ഡ്രൈവർ സുനിലുമാണ് മരിച്ചത്. പ്രസവാനന്തരം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. കുഞ്ഞിന്‍റെ അമ്മയും അച്ഛനും പരിക്കേറ്റ് ചികിത്സയിലാണെന്നാണ് വിവരം.
നിയന്ത്രണം വിട്ട് മുച്ചക്രവാഹനം മറിഞ്ഞു; അപകടത്തിൽ പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു
അതേസമയം കോഴിക്കോട് നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാർത്ത വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു എന്നതാണ്. ആരാമ്പ്രം കാഞ്ഞിരമുക്ക് റോഡിൽ മുച്ചക്ര വാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ റഷീദ് (മുഹമ്മാലി-49) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ ഒതേയോത്ത് സ്വദേശിയാണ് മരണമടഞ്ഞ റഷീദ്. ഈ മാസം 12 ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്. അന്നേ ദിവസം രാവിലെ പതിനൊന്നരയോടെ കിഴക്കോത്ത് സർവ്വീസ് സഹകരണ ബാങ്ക് വളം ഡിപ്പോ കേന്ദ്രത്തിന് മുന്നിൽ വെച്ചായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റഷീദിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. വികലാംഗർ അസോസിയേഷൻ കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്നു റഷീദ്. പിതാവ്: ഉസ്സയിൽ കുട്ടിഹാജി. മാതാവ്: ഖദീജ. ഭാര്യ: ഷഹനാസ്. മക്കൾ: ജിസാം, ജാസിം, ജസീൽ ( മൂവരും വിദ്യാർഥികൾ ). സഹോദരങ്ങൾ : അബ്ദുൽ ലതീഫ് , സീനത്ത് , ശരീഫ. ഖബറടക്കം കിഴക്കോത്ത് ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
