ഇടുക്കി മാങ്ങാത്തൊട്ടിയിലെ രണ്ട് കോഴി ഫാമുകളിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ അറുനൂറോളം കോഴികൾ ചത്തു. പനച്ചിക്കൽ വിജയൻ, ഇടികുഴിയിൽ വർഗ്ഗീസ് എന്നിവരുടെ ഫാമുകളിലാണ് സംഭവം. കാട്ടുപൂച്ച പോലുള്ള ജീവിയാകാം ആക്രമണത്തിന് പിന്നിലെന്ന് വനംവകുപ്പ് സംശയിക്കുന്നു.
ഇടുക്കി : മാങ്ങാത്തൊട്ടിയിലെ കോഴി ഫാമുകളില്‍ അജ്ഞാത ജീവിയുടെ ആക്രമണം. രണ്ട് ഫാമുകളിലായി അറുനൂറോളം കോഴികള്‍ ചത്തു. പനച്ചിക്കല്‍ വിജയന്റെയും ഇടികുഴിയില്‍ വര്‍ഗ്ഗീസിന്‍റെയും ഫാമുകളിലെ കോഴികളാണ് ചത്തത്. വനം വകുപ്പിലെയും മൃഗസംരക്ഷണ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടുപൂച്ച പോലുള്ള ഏതെങ്കിലും മൃഗങ്ങളായിരിക്കാം കോഴികളെ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇടുക്കി മാങ്ങാത്തൊട്ടി ടൗണിന് സമീപമുള്ള രണ്ട് കോഴി ഫാമുകളിലാണ് അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായത്. വര്‍ഷങ്ങളായി ഇവിടെ കോഴി ഫാം നടത്തി വരുന്ന ഇടികുഴിയില്‍ വര്‍ഗ്ഗീസിന്‍റെ ഫാമിലെ അഞ്ഞൂറിലധികം കോഴികളെയാണ് കൊന്നൊടുക്കിയത്. ചിലതിനെ തിന്നുകയും ചെയ്തു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഇദ്ദേഹത്തിനുണ്ടായത്. രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്.
പുലർച്ചെ മൂന്നു മണിയോടെയാണ് പനച്ചിക്കല്‍ വിജയന്‍റെ ഫാമിലെ കോഴികളെ അജ്ഞാത ജീവി ആക്രമിച്ചത്. വിജയന്‍റെ അമ്പതിലധികം കോഴികളെയാണ് കൊന്നു തിന്നത്. സംഭവമറിഞ്ഞ് വനം, മൃഗ സംരക്ഷണം, പഞ്ചായത്ത് എന്നീ വകുപ്പുകളിൽ നിന്നും അധികൃതരെത്തി പരിശോധന നടത്തി. കര്‍ഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏതാനും മാസം മുൻപ് മമ്മട്ടിക്കാനത്ത് രണ്ടായിരത്തോളം കോഴികളെ പൂച്ചപ്പുലി കൊന്നിരുന്നു. ഇതിന് സമാനമായ രീതിയിലാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് കർഷകരും നാട്ടുകാരും ഇതോടെ ഭീതിയിലാണ്.


