തിരുവനന്തപുരം വിഴിഞ്ഞത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പുരുഷന്‍റേതാണ് മൃതദേഹം. പൊലീസ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ മധ്യവയസ്‌കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പെരേമേലെ സരസ്വതി ക്ഷേത്ര ആൽത്തറയുടെ സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വിഴിഞ്ഞം മുക്കോല സർവശക്തിപുരത്ത് തമാസിക്കുന്ന ദാമോദരൻ (65) ന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആൽത്തറയിൽ വിളക്ക് വെയ്ക്കാൻ എത്തിയവരാണ് കത്തിക്കരിഞ്ഞ നിലയിൽ മനുഷ്യ ശരീരം കണ്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. വർഷങ്ങളായി ദാമോദരന്റെ വീട്ടിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ട് ആൽത്തറയുടെ ഉടമകളുമായ ബന്ധുക്കളുമായി തർക്കം നിലനിൽക്കുന്നുണ്ട്. ഇതിന്റെ പേരിൽ ദാമോദരൻ കുറെയേറെ ദുരിതങ്ങൾ അനുഭവിച്ചിട്ടുള്ളതായി ബന്ധുക്കൾ പറയുന്നു. 

ഇതിലെ മനോവിഷമം ആകാം ആത്മഹത്യക്ക് കാരണമെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിഴിഞ്ഞം പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യക്ക് കാരണം ആൽത്തറ ഉടമകളായ ബന്ധുക്കൾ എന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് ഭാര്യക്ക് ലഭിച്ചു. ആത്മഹത്യാ കുറിപ്പ് പൊലീസിന് കൈമാറി.