ബോവിക്കാനത്തിനും ബാവിക്കരയടുക്കത്തിനും ഇടയിൽ സ്ഥാപിച്ച ക്യാമറാ പരിസരത്ത് ബുധനാഴ്ച രാത്രിയാണ് എരുമയുടെ ജഡം തള്ളിയത്. വനഭൂമിയിലാണ് എരുമയുടെ ജഡം കിടന്നിരുന്നത്

കാഞ്ഞങ്ങാട്: കാസർഗോഡ് ബോവിക്കാനത്ത് മാലിന്യം തള്ളുന്നവരെ പിടികൂടാൻ സ്ഥാപിച്ച ക്യാമറയുടെ പരിസരത്ത് എരുമയുടെ ജഡം തള്ളി. എരുമയുടെ മൃതദേഹം തള്ളാനെത്തിയവരുടെ അവ്യക്തമായ ദൃശ്യങ്ങളാണ് ക്യാമറയിൽ നിന്ന് കണ്ടെത്തിയത്. ബോവിക്കാനത്തിനും ബാവിക്കരയടുക്കത്തിനും ഇടയിൽ സ്ഥാപിച്ച ക്യാമറാ പരിസരത്ത് ബുധനാഴ്ച രാത്രിയാണ് എരുമയുടെ ജഡം തള്ളിയത്. വനഭൂമിയിലാണ് എരുമയുടെ ജഡം കിടന്നിരുന്നത്. 

മൂളിയാർ പഞ്ചായത്താണ് മേഖലയിൽ ക്യാമറ സ്ഥാപിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടാൻ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വാഹനത്തിന്റെ നമ്പർ അടക്കമുള്ളത് അവ്യക്തമായ നിലയിലാണ് ഉള്ളത്. ബോവിക്കാനം ടൌണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ നിന്നും വാഹനത്തിന്റെ നമ്പർ കണ്ടെത്താനായിട്ടില്ല. മുകൾ വശം മൂടി നിലയിലുള്ള പെട്ടിഓട്ടോ പോലുള്ള വാഹനത്തിലാണ് എരുമയുടെ മൃതദേഹം കൊണ്ടുവന്നതെന്നാണ് മൂളിയാർ പഞ്ചായത്ത് പ്രസിഡന്റ് മിനി പിവി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വിശദമാക്കിയത്. വനമേഖലയായതിനാൽ ഇവിടെ മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയവരിൽ നിന്നായി രണ്ട് ലക്ഷം രൂപയോളമാണ് പിഴയീടാക്കിയിട്ടുള്ളതെന്നും മൂളിയാർ പഞ്ചായത്ത് അധികൃതർ വിശദമാക്കി. 

അടിച്ച് ഫിറ്റായി കാലുപോലും നിലത്തുറയ്ക്കാതെ പൈലറ്റ്, കോക്പിറ്റ് പരിശോധനക്കിടെ അറസ്റ്റിലായി

ബുധനാഴ്ച പാതിരാത്രിയിലാണ് എരുമയുടെ ജഡം തള്ളിയതെന്നാണ് ലഭ്യമായ ക്യാമറാ ദൃശ്യങ്ങളിൽ വ്യക്തമായിട്ടുള്ളത്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. എരുമയുടെ ജഡം വനംവകുപ്പ് ജീവനക്കാർ മറവു ചെയ്തു. കഴിഞ്ഞ മാർച്ചിൽ രണ്ടര ലക്ഷം രൂപയോളം ചെലവിട്ടാണ് പഞ്ചായത്ത് 10 ക്യാമറകളാണ് വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചത്. രാത്രിയും പകലും ഒരുപോലെ വ്യക്തമായ ദൃശ്യം ലഭിക്കുമെന്നാണ് സ്ഥാപിക്കുന്ന സമയത്ത് അധികൃതർ പറഞ്ഞിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം