കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് 'സബ് കാ സാത്ത് സബ്കാ വികാസ്' ആണ്. സമൂഹ മാധ്യമങ്ങളിലെ വിദ്വേഷ പ്രചരണം തള്ളി കളയണമെന്നും കേന്ദ്ര മന്ത്രി കിരൺ റിജ്ജു പറഞ്ഞു.
ദില്ലി: കത്തോലിക്ക സഭയുടെ പ്രവർത്തനങ്ങളെ പുകഴ്ത്തി കേന്ദ്ര മന്ത്രി കിരൺ റിജിജു. സഭ മതപരിവർത്തനം നടത്താറില്ലെന്നും, അറിവാണ് പ്രചരിപ്പിക്കുന്നതെന്നും റിജിജു പറഞ്ഞു. സിറോ മലബാർ സഭയ്ക്ക് കീഴിലെ ഫരീദാബാദ് അതിരൂപതാ ആർച്ച് ബിഷപ്പായി കുര്യാക്കോസ് ഭരണി കുളങ്ങര സ്ഥാനമേറ്റ ചടങ്ങിലാണ് മന്ത്രിയുടെ പരാമർശം. കേരളത്തിലടക്കം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദില്ലിയിലെ ചടങ്ങിൽ കേന്ദ്രമന്ത്രി സിറോ മലബാർ സഭയുടെ പ്രവർത്തനങ്ങളെ വാനോളം പുകഴ്ത്തിയത്.
ഫരീദാബാദ് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായി മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ സ്ഥാനാരോഹണ ചടങ്ങിലാണ് കേന്ദ്രമന്ത്രി പങ്കെടുത്തത്. സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയത്തിലും പലതരം വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്നത് തള്ളിക്കളയണമെന്നും, കേന്ദ്രസർക്കാർ എല്ലാവർക്കുമൊപ്പമാണെന്നും മന്ത്രി പറഞ്ഞു. സഭയുടെ പ്രവർത്തനങ്ങളെ പുകഴ്ത്തിയെ കിരൺ റിജ്ജു ഇതുപോലൊരു ചടങ്ങിൽ സംസാരിക്കാൻ മാത്രം യോഗ്യൻ അല്ലെന്നും കിരൺ റിജ്ജു പറഞ്ഞു. കിരൺ റിജിജുവിനെ കൂടാതെ സഹമന്ത്രി ജോർജ് കുര്യനും, വത്തിക്കാന്റെ പ്രതിനിധിയും കേരള സർക്കാറിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെവി തോമസും ചടങ്ങിൽ ഉടനീളം പങ്കെടുത്തു.
കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ സന്ദേശം ചടങ്ങിൽ കാണിച്ചു. മലയാളികളായ രണ്ട് കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് അറസ്റ്റ് ചെയ്ത നടപടി കേരളത്തിൽ ക്രിസ്ത്യൻ സഭാ നേതൃത്ത്വവുമായി അടുക്കാൻ ശ്രമിച്ച ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. കേരളത്തിൽ അടക്കം നിർണായക തെരഞ്ഞെടുപ്പടുക്കവേ ചടങ്ങിൽ കേന്ദമന്ത്രിമാരുടെയടക്കം സജീവ സാന്നിധ്യം രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.
'കത്തോലിക്ക സഭ മതപരിവർത്തനം നടത്താറില്ല' ; പ്രശംസയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു

