തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിൽ എസ്എഫ്ഐ നേതാവിന്‍റെ ഭീഷണി. എസ്എഫ്ഐ നേതാവ് മഹേഷ് കെഎസ്‍യു പ്രവർത്തകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ വച്ച് കെഎസ്‍യു പ്രവർത്തകന്‍ നിതിൻ രാജിനെ മർദ്ദിക്കുന്നതിന് മുമ്പാണ് ഭീഷണിപ്പെടുത്തിയത്.

പരിക്കേറ്റ നിതിൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ, യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്‍യു നേതാക്കളെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതായി പരാതി ഉയര്‍ന്നിരുന്നു. യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ കെഎസ്‍യു പ്രവർത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോളേജിൽ പഠിപ്പ് മുടക്ക് ആഹ്വാനം ചെയ്ത ശേഷമായിരുന്നു ആക്രമണമെന്നായിരുന്നു ആരോപണം.

 

കെഎസ്‍യു നേതാക്കളായ ആര്യ ,അമൽ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഹോസ്റ്റലിൽ കെഎസ്‍യു പ്രവർത്തകനായ നിതിന് എസ്എഫ്ഐ ആക്രമണത്തിൽ പരിക്കേറ്റത്. അതേസമയം, കെഎസ്‍യു നേതാക്കൾക്കെതിരെ എസ്എഫ്ഐയും പരാതി നൽകി. പഠിപ്പ് മുടക്കിനെയും തുടർന്നുള്ള ആക്രമണങ്ങളെയും തുടർന്ന് മൂന്ന് കെഎസ്‍യുക്കാരെ കോളേജ് കൗണ്‍സില്‍ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. നടപടി ഏകപക്ഷീയമാണെന്ന് കെഎസ്‍യു കുറ്റപ്പെടുത്തി.