മലപ്പുറം: തട്ടുകടയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് രണ്ട് ദിവസത്തിന് ശേഷം കഴുകി തിരികെയെത്തിച്ച് മോഷ്ടാവ്. മലപ്പുറം അങ്ങാടിപ്പുറത്താണ് സംഭവം. കഴിഞ്ഞ ദിവസം മോഷണം പോയ ബൈക്ക് മോഷ്ടിച്ച അതേ സ്ഥലത്തിന് സമീപം ഇന്നലെ പ്രത്യക്ഷപ്പെട്ടത്. 

പാതായ്‌ക്കര കലന്തൻ മുഹമ്മദ് ഷബീറിന്‍റെ ബൈക്കാണ് കഴിഞ്ഞ ദിവസം കള്ളൻ കൊണ്ടുപോയത്. ഒരു അത്യാവശ്യത്തിനായി അനിയന്‍റെ ബൈക്കെടുത്ത് വന്ന ഷബീര്‍ തട്ടുകടയില്‍ ചായ കുടിക്കാന്‍ നിര്‍ത്തിയപ്പോഴായിരുന്നു മോഷണം. ഷബീര്‍ പൊലീസില്‍ വിവരമറിയിക്കുകയും സുഹൃത്തുക്കളും ബന്ധുക്കളുമൊന്നിച്ച് തിരഞ്ഞെങ്കിലും ബൈക്ക് കണ്ടെത്താനായില്ല. 

ഇന്നലെ ഉച്ചയോടെയാണ് ബൈക്ക് കണ്ടെത്തുന്നത്. മോഷണം പോയ സ്ഥലത്തിന് സമീപമുള്ള റോഡരികിവ്‍ എല്ലാവരുടേയും ശ്രദ്ധയില്‍പ്പെടുന്ന വിധത്തില്‍ വച്ചിരിക്കുകയായിരുന്നു ബൈക്ക്. സീറ്റ് കവറിലുള്ളില്‍ വച്ച നിലയില്‍ താക്കോല്‍ അടക്കമാണ് ബൈക്ക് കണ്ടെത്തിയത്. നൂറ്റമ്പത് കിലോമീറ്ററിലധികം ബൈക്ക് ഓടിയിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. ബൈക്ക് കഴുകി തുടച്ച നിലയിലാണ് തിരികെ കിട്ടിയത്. പൊലീസ് അറിയിച്ചതിന് പിന്നാലെ ഉടമസ്ഥനെത്തി ബൈക്ക് തിരികെവാങ്ങി.