പട്ടത്തിന്റെ നൂലില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയ വെള്ളിമുങ്ങയെ രക്ഷപ്പെടുത്തി
കോഴിക്കോട്: പട്ടത്തിന്റെ നൂല്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയ വെള്ളിമൂങ്ങയെ രക്ഷപ്പെടുത്തി. കോഴിക്കോട് വൈഎംസിഎ റോഡിലാണ് സംഭവം. ശ്രീരാം വിലാസില്‍ രാമചന്ദ്രന്‍ എന്നയാളുടെ പറമ്പിലെ മരത്തിലാണ് പട്ടത്തിന്റെ നൂല്‍ കാലില്‍ കുടുങ്ങിയ മൂങ്ങ പറക്കാന്‍ കഴിയാതെ തൂങ്ങിക്കിടന്നത്. ഉടന്‍ തന്നെ ഇവര്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.
ബീച്ച് അഗ്നിരക്ഷാ സേനയിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ പ്രദീപന്റെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂങ്ങയെ തോട്ടി ഉപയോഗിച്ച് താഴെ എത്തിച്ച ശേഷം ബ്ലേഡ് കൊണ്ട് നൂല്‍ അറുത്തുമാറ്റുകയായിരുന്നു.
പകല്‍ സമയത്ത് പറക്കാന്‍ പ്രയാസമായതിനാല്‍ ഉദ്യോഗസ്ഥര്‍ ഇതിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. മാത്തോട്ടത്ത് നിന്ന് ജീവനക്കാര്‍ എത്തിയ ശേഷം വെള്ളിമൂങ്ങയെ അവര്‍ക്ക് കൈമാറി.


