തിരുവനന്തപുരം: ടെക്നോപാർക്ക് ഫുഡ്കോർട്ടിലെ ഭക്ഷണശാലയില്‍ ചിക്കന്‍ ബിരിയാണിയില്‍ ഐടി ജീവനക്കാരന് കിട്ടിയത് ആരോ ഉപയോഗിച്ച ബാൻഡേജ്. ജീവനക്കാരുടെ പരാതിയില്‍ നിള ബിൽഡിങ്ങിലെ രംഗോലി റസ്റ്ററന്റ് ടെക്നോപാർക്ക് അധികൃതര്‍ പൂട്ടിച്ചു. നാലുമാസം മുന്‍പ് ഇവിടെ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടപ്പിച്ചിരുന്നു. 

ഇന്നലെ രംഗോലിയിൽ നിന്നു വാങ്ങിയ ബിരിയാണിയിൽ നിന്നാണ് ഐടി ജീവനക്കാരന് രക്തവും മരുന്നും പുരണ്ട ബാൻഡേജ് ലഭിച്ചത്. ടെക്നോപാര്‍ക്ക് ജീവനക്കാരിയുടെ പോസ്റ്റ് വൈറലായതിന് പിന്നാലെയാണ് ഭക്ഷണശാലയ്ക്കെതിരെ നടപടിയെടുത്തത്.  വിവരം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സാധാരണ സംഭവമെന്ന മട്ടിലായിരുന്നു ഹോട്ടൽ ഉടമയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് രംഗോലി ഭക്ഷണശാലയ്ക്കെതിരെ ജീവനക്കാര്‍ ടെക്നോപാര്‍ക്ക് അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. 

കഴിഞ്ഞ ഫെബ്രുവരി 18നാണ് ഇവിടെ നിന്നു വാങ്ങിയ ചിക്കൻ ടിക്കയിൽ നിന്നു പുഴുവിനെ കണ്ടെത്തിയിരുന്നു. ടെക്നോപാർക്കിലെ നൂറോളം ജീവനക്കാർക്കിടയിൽ ജനുവരിയിൽ കാണപ്പെട്ട ശാരീരിക അസ്വാസ്ഥ്യങ്ങളുടെ കാരണമെന്തെന്ന അവ്യക്തത തുടരുന്നതിനിടയിലായിരുന്നു ഫെബ്രുവരിയിലെ ഈ സംഭവം നടന്നത്. നാളുകളായി സമാനമായ പരാതികളുയർന്നതിന് പിന്നാലെയാണ് ടെക്നോപാര്‍ക്ക് ഭക്ഷണ ശാലയ്ക്കെതിരെ നടപടിയെടുത്തത്.