പേപ്പാറ അണക്കെട്ടിന് സമീപം പരുത്തിപ്പള്ളി റേഞ്ചിലുള്ള കുട്ടപ്പാറയിൽ യുഎസ്‌ടി 2500 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
തിരുവനന്തപുരം: പ്രകൃതി - വന സംരക്ഷണത്തിന്‍റെ ഭാഗമായി 2500 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്‌ടി. കേരള വനം വന്യജീവി വകുപ്പുമായി ചേർന്ന് പേപ്പാറ അണക്കെട്ടിന് സമീപം പരുത്തിപ്പള്ളി റേഞ്ചിലുള്ള കുട്ടപ്പാറയിലാണ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത്.
പേപ്പാറ വന്യജീവി സങ്കേതത്തിന് സമീപം അക്കേഷ്യ മരങ്ങൾ വെട്ടിത്തെളിച്ച 98.5 ഹെക്ടർ വനഭൂമിയിൽ മൂന്നു ഹെക്ടറിലായി കിടക്കുന്ന പ്രദേശത്തിന്റെ പുനരുജ്ജീവനത്തിനാണ് യുഎസ്‌ടി മുന്നിട്ടിറങ്ങിയത്. പരുത്തിപ്പള്ളി വനപരിധിയിലെ വന്യജീവി ഇടനാഴികൾ ക്രമാനുസൃതമായി പ്രകൃതി വനങ്ങളായി മാറും. കള നിയന്ത്രണം, മരം വച്ചുപിടിപ്പിക്കൽ, അധിനിവേശ സസ്യങ്ങളുടെ നിര്‍മാര്‍ജ്ജനം തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് വഴി വനത്തിന്റെ സ്ഥിതി മെച്ചപ്പെടുകയും മണ്ണിന്റെയും ജലത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യും. ഈ പദ്ധതിയിലൂടെ പരിസ്ഥിതി സേവനങ്ങൾ മെച്ചപ്പെടുകയും നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
പുനരുജ്ജീവന പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധത ഉറപ്പാക്കുന്നതിന് വേണ്ടി പ്രാദേശിക സമൂഹത്തെക്കൂടി ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. പരിസ്ഥിതി പുനരുജ്ജീവനത്തിന്റെ പ്രാധാന്യവും അതുവഴി സമൂഹത്തിനുണ്ടാകുന്ന ഗുണങ്ങളുടെ ബോധവത്കരണത്തിനും വേണ്ടി വനം വകുപ്പുമായി ചേർന്ന് അവബോധ പരിപാടികളും ശില്പശാലകളും സംഘടിപ്പിക്കുമെന്ന് യുഎസ്ടി അറിയിച്ചു.
സംസ്ഥാന വനം വകുപ്പുമായി ചേർന്ന് യുഎസ്‌ടി പരുത്തിപ്പള്ളി വനപരിധിയിൽ നടത്തുന്ന പരിസ്ഥിതി പുനരുജ്ജീവന പ്രവർത്തങ്ങൾ സന്തോഷദായകവും സ്വാഗതാർഹവുമാണെന്ന് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഡോ. പി. പുകഴേന്തി. ഐ.എഫ്.എസ് പറഞ്ഞു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നത് തന്നെ പരിസ്ഥിതിയെയും അതിലെ ജീവജാലങ്ങളെയും യുഎസ്‌ടി വലിയ പ്രാധാന്യത്തോടെ കാണുന്നു എന്നതിന്റെ തെളിവാണ്. വനപ്രദേശങ്ങൾക്കും പ്രാദേശിക സമൂഹങ്ങൾക്കും ഗുണമുണ്ടാക്കുന്ന ഒരു പദ്ധതിയുടെ ഭാഗമാകാൻ സമയം മാറ്റിവെച്ച കമ്പനിയുടെ നേതൃത്വത്തിനും സന്നദ്ധ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം മഹത്തായ പദ്ധതിയിൽ കേരള വനംവന്യജീവി വകുപ്പിനൊപ്പം പങ്കാളിയാകാനായതിൽ യുഎസ്‌ടിക്ക് വളരെയധികം സന്തോഷമുണ്ടെന്ന് യുഎസ്‌ടി ചീഫ് വാല്യൂസ് ഓഫീസറും സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.
ചടങ്ങിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ആയ ഡോ. പി.പുകഴേന്തി ഐ.എഫ്.എസ്, തിരുവനന്തപുരം ഡി.എഫ്.ഒ എ. ഷാനവാസ് ഐ.എഫ്.എസ്, പരുത്തിപ്പള്ളി റേഞ്ച് ഓഫീസർമാരായ ശ്രീജു, അനിൽകുമാർ എന്നിവർ പങ്കെടുത്തു. യുഎസ്‌ടി ചീഫ് വാല്യൂസ് ഓഫീസറും സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ യുഎസ്‌ടി തിരുവനന്തപുരം സെന്റർ ഹെഡ് ശില്പ മേനോൻ, വർക്പ്ലേസ് മാനേജ്മെന്റ് ആൻഡ് ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ, ഓഫീസ് ഓഫ് വാല്യൂസ് ആൻഡ് കൾച്ചറിലെ വിനോദ് രാജൻ, സി.എസ്.ആർ ലീഡ് വിനീത് മോഹനൻ, കേരള പിആർ ആന്റ് മാർക്കറ്റിംഗ് ടീമിൽ നിന്ന് രോഷ്നി.ദാസ്.കെ, യു എക്സ് കൺസൾറ്റൻറ്റ് സുനിൽ പ്രഭാകരൻ തുടങ്ങിയവർ യുഎസ്‌ടിയുടെ ഭാഗത്ത് നിന്നും പങ്കെടുത്തു.


