കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും കാട്ടുപന്നികളെ വെടിവെച്ച് കൊല്ലണമെന്നും ആവശ്യം.
തൃശൂർ: പുതുക്കാട് അളഗപ്പനഗർ പഞ്ചായത്തിലെ കാവല്ലൂർ പച്ചളിപ്പുറത്ത് കാട്ടുപന്നിക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. പ്രദേശത്തെ ഉപയോഗശൂന്യമായ പറമ്പുകൾ കാട്ടുപന്നികളുടെ ആവാസ കേന്ദ്രമായതായി നാട്ടുകാർ പറയുന്നു. മാസങ്ങളായി പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണ്. പഞ്ചായത്തിന്റെയും കർഷകരുടെയും നേതൃത്വത്തിൽ പല തവണ കാട്ടുപന്നികളെ വെടിവെച്ച് കൊന്നിരുന്നുവെങ്കിലും പന്നികൾ ഇപ്പോഴും ദുരിതം വിതച്ചു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കുഴുപ്പിള്ളി രവിയുടെ അഞ്ച് ഏക്കറോളം പടവലം കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. ഏഴ് ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് രവി കൃഷിയിറക്കിയിരുന്നത്. വിളവെടുത്ത് തുടങ്ങിയ കൃഷി നശിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകന് ഉണ്ടായത്. 600 ഓളം വരുന്ന പടവലത്തിന്റെ കടഭാഗത്തെ മണ്ണ് കുത്തിയിട്ട് നശിപ്പിച്ച നിലയിലാണ്. കഴിഞ്ഞ ദിവസം മുതൽ പടവലത്തിന് വില കൂടിയതോടെ തോട്ടത്തിൽ വിളവെടുക്കാൻ എത്തിയപ്പോഴാണ് കൃഷി നശിച്ച നിലയിൽ കണ്ടത്.
കർഷകന് നേരിട്ട നഷ്ടം നികത്താൻ പഞ്ചായത്തും കൃഷിഭവനും ഇടപെടണമെന്ന് കർഷകക്കൂട്ടായ്മ ആവശ്യപ്പെട്ടു. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് കഷ്ടപ്പെട്ടാണ് കർഷകർ കൃഷിയിറക്കിയത്. ഒറ്റരാത്രിയിൽ കാട്ടുപന്നികൾ ഇറങ്ങി ഭൂരിഭാഗം കൃഷിയും നശിപ്പിച്ചതോടെ കർഷകൻ കടകെണിയിലായ അവസ്ഥയാണ്. ഒരു ദിവസംകൊണ്ട് രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കർഷകന് ഉണ്ടായത്. കൂടുതൽ ഷൂട്ടർമാരെ നിയോഗിച്ച് മേഖലയിലെ എല്ലാ കാട്ടുപന്നികളെയും വെടിവെച്ച് കൊന്ന് കൃഷി സംരക്ഷിക്കണമെന്ന് കർഷക കൂട്ടായ്മ ഭാരവാഹികളായ പി ആർ ഡേവിസ്, പി ഡി ആന്‍റോ, രാജു കിഴക്കുടൻ എന്നിവർ ആവശ്യപ്പെട്ടു.


