2006 ല്‍ ജി കാര്‍ത്തികേയനാണ് ആദ്യമായി ഉഴമലയ്ക്കലിലെ മാങ്ങാട്ടുപാറയില്‍ ജലവിതരണ പദ്ധതിയെന്ന ആശയം കൊണ്ട് വരുന്നത്..
തിരുവനന്തപുരം: ജില്ലയുടെ വടക്ക് കിഴക്കന്‍ പ്രദേശമായ ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ മാങ്ങാട്ടുപാറ ജലവിതരണ പദ്ധതിക്ക് ഒടുവില്‍ ജീവന്‍ വെയ്ക്കുന്നു. ജല്‍ ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിക്കാനിരുന്ന പദ്ധതി വര്‍ഷങ്ങളോളം വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുകയായിരുന്നു. ഒടുവില്‍ ഇന്നലെ ചേര്‍ന്ന പഞ്ചായത്ത് സമിതിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം പദ്ധതിക്ക് പ്രായോഗികാനുമതി നല്‍കാന്‍ തീരുമാനിച്ചത്.
1991 മുതല്‍ 2011 വരെയുള്ള നാല് നിയമസഭകളില്‍ ആര്യനാടിനെ നിയമസഭയില്‍ പ്രതിനിധീകരിച്ച ജി കാര്‍ത്തികേയനാണ് ആദ്യമായി ഉഴമലയ്ക്കലിലെ മാങ്ങാട്ടുപാറയില്‍ ജലവിതരണ പദ്ധതിയെന്ന ആശയം 2006 ല്‍ കൊണ്ട് വരുന്നത്. ഉഴമലയ്ക്കല്‍, ആര്യനാട്, തൊളിക്കോട് എന്നീ മൂന്ന് പഞ്ചായത്തിലെ ഏതാണ്ട് 20,000 ത്തോളം ജനങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കാനുള്ള പദ്ധതി നിര്‍ദ്ദേശിച്ചെങ്കിലും പല വിധ കാരണങ്ങളാല്‍ പദ്ധതി മുടങ്ങുകയായിരുന്നു. ഇതിനിടെ 2018 പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ പാറ പ്രദേശമായ മാങ്ങാട്ടുപാറയില്‍ ക്വാറിക്ക് ഖനനാനുമതി ലഭിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നത്. ഇതോടെ വിശ്വാസവും സംസ്കൃതിയും ഇഴചേര്‍ന്ന് നില്‍ക്കുന്ന മാങ്ങാട്ടു പാറയെ സംരക്ഷിക്കണമെന്ന ആവശ്യവുമായി ജനങ്ങള്‍ മങ്ങാട്ടുപാറ സംരക്ഷണ സമിതി രൂപികരിച്ച് ക്വാറിയുടെ പ്രവര്‍ത്തനത്തിനെതിരെ സമരമാരംഭിച്ചു.
നിരന്തര സമരത്തിന്‍റെ ഫലമായി ക്വാറി പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലിക സ്റ്റേ സംഘടിപ്പിക്കാന്‍ സമര സമിതിക്ക് സാധിച്ചെങ്കിലും കുടിവെള്ള പദ്ധതി കടലാസില്‍ മാത്രമൊതുങ്ങി. ഒടുവില്‍ ഇന്നലെ ചേര്‍ന്ന പഞ്ചായത്ത് സമിതി യോഗം മങ്ങാട്ടുപാറയിലെ സ്വകാര്യ ഭൂമി ഏറ്റെടുത്ത് കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ്. ജൽ ജീവൻ മിഷന്‍റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 146 കോടി രൂപയുടെ ഉഴമലയ്ക്കൽ ആര്യനാട് സംയോജിത കുടിവെള്ള പദ്ധതി, ഉഴമലയ്ക്കല്‍ ഗ്രാമ പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ മങ്ങാട്ടുപാറയിലെ സ്വകാര്യ ഭൂമിയിൽ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് ഐക്യകണ്ഠേനയാണ് ഇന്നലെ തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജെ ലളിത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
നിലവിലെ വാട്ടര്‍ ടാങ്ക് സ്ഥിതി ചെയ്യുന്ന കാക്കകുന്നിന് 140 മീറ്ററാണ് ഉയരം എന്നാല്‍, മങ്ങാട്ടുപാറയ്ക്ക് ഏതാണ്ട് 200 മീറ്റര്‍ ഉയരമാണുള്ളത്. അതായത് ആര്യനാട്, ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ 170 മീറ്ററോളം ഉയരമുള്ള ജനവാസ മേഖലയില്‍ പോലും ഗ്രാവിറ്റി ലെവലില്‍ യഥേഷ്ടം വെള്ളം ലഭ്യമാക്കാന്‍ മങ്ങാട്ടുപാറ ജലവിതരണ പദ്ധതിയിലൂടെ സാധിക്കും. നിലവിലെ ജലവിതരണ പദ്ധതിയില്‍ പഞ്ചായത്തിലെ പല സ്ഥലത്തും കൃത്യമായി വെള്ളമെത്തുന്നില്ലെന്ന പരാതിയും ഏറെക്കാലമായി ഉയരുന്നുണ്ട്. ഇതിനൊരു ശാശ്വത പരിഹരമാണ് മാങ്ങാട്ടുപാറയില്‍ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സംഭവിക്കുകയെന്ന് മങ്ങാട്ടുപാറ പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്‍റ് അനില്‍ കുളപ്പട ഏഷ്യാനെറ്റ് ന്യസ് ഓണ്‍ലൈനോട് പറഞ്ഞു.
