45 വയസിന് മുകളില്‍ പ്രായമുള്ള 2,76,861 പേരാണ് ജില്ലയിലുള്ളത്. ഇവരില്‍ പകുതിയിലധികം പേര്‍ക്കും രണ്ടാംഡോസും നല്‍കി കഴിഞ്ഞിട്ടുണ്ട്. രണ്ടാം തീയ്യതി വരെയുള്ള കണക്ക് പ്രകാരം 1,56,809 പേര്‍ക്കാണ് രണ്ടാം ഡോസ് നല്‍കിയിട്ടുള്ളത്. 

കല്‍പ്പറ്റ: ടിപിആര്‍ കൂടിയും കുറഞ്ഞും ആശങ്ക നിഴലിക്കുമ്പോഴും വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തില്‍ മുന്നേറുകയാണ് വയനാട്. ഏറ്റവും പുതിയ കണക്ക് പ്രകാരം 45 വയസിന് മുകളില്‍ പ്രായമുള്ള മുഴുവനാളുകള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ജില്ല ആരോഗ്യവകുപ്പ് വ്യക്തമാക്കി. 45 വയസിന് മുകളില്‍ പ്രായമുള്ള 2,76,861 പേരാണ് ജില്ലയിലുള്ളത്. ഇവരില്‍ പകുതിയിലധികം പേര്‍ക്കും രണ്ടാംഡോസും നല്‍കി കഴിഞ്ഞിട്ടുണ്ട്. രണ്ടാം തീയ്യതി വരെയുള്ള കണക്ക് പ്രകാരം 1,56,809 പേര്‍ക്കാണ് രണ്ടാം ഡോസ് നല്‍കിയിട്ടുള്ളത്. 

18 നും 44 നും ഇടയില്‍ പ്രായമുള്ളവരുടെ കണക്കെടുത്താല്‍ 1,86,383 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഈ വിഭാഗത്തില്‍പെടുന്നവര്‍ 3,84,153 പേരാണ് ജില്ലയിലുള്ളത്. പതിനെട്ട് വയസിന് മുകളിലുള്ളവരുട കണക്ക് നോക്കിയാല്‍ 4,94,106 പേര്‍ ആദ്യഡോസ് സ്വീകരിച്ചു കഴിഞ്ഞു. ഇവരില്‍ 1,90,518 പേര്‍ക്ക് രണ്ടാംഡോസും നല്‍കിയിട്ടുണ്ട്. ആകെ 6,51,967 പേരാണ് ഈ വിഭാഗത്തിലുള്‍പ്പെടുന്നവരായി ജില്ലയിലുള്ളത്. ആദിവാസി വിഭാഗത്തില്‍ 92 ശതമാനം പേരും ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ കഴിഞ്ഞ മാസം ചേര്‍ന്ന അവലോകനയോഗത്തില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍ദ്ദേശിച്ചിരുന്നു. മൂന്നാം തരംഗ സാധ്യത മുന്നില്‍ കണ്ട് ആശുപത്രി സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ പൂര്‍ണ സജ്ജമാക്കാനും ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാനും യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിനോടൊപ്പമാണ് വാക്സിനേഷന്‍ വേഗത്തിലാക്കാനുള്ള നടപടികളും ആരംഭിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ അമിത ആത്മവിശ്വാസം ആകരുതെന്നും ജാഗ്രത തുടരണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. 

വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ നല്‍കാനും ജില്ല ആരോഗ്യവകുപ്പിന് സാധിച്ചു. അതേസമയം നിയന്ത്രണങ്ങള്‍ തുടരുമ്പോഴും ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കയേറ്റുന്നുണ്ട്. ടി.പി.ആര്‍ നിശ്ചയിക്കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങള്‍ മാറ്റിയ സാഹചര്യത്തില്‍ രോഗവ്യാപനം കുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജില്ല ആരോഗ്യവിഭാഗമുള്ളത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona