കോഴിക്കോട് വടകരയിലാണ് മിന്നൽ പണിമുടക്കുകളും പ്രതിഷേധങ്ങളും യാത്രക്കാരെ വലച്ചത്.

കോഴിക്കോട് : യൂണിയനുകളുടെ പ്രഖ്യാപനമില്ലാതെ, സോഷ്യൽ മീഡിയയിലൂടെയുള്ള ആഹ്വാനമനുസരിച്ച് ഇന്നലെ പണിമുടക്കിയ ബസുകൾ തടഞ്ഞ് ഇന്ന് ഡിവൈഎഫ്ഐ പ്രതിഷേധം. ഇതോടെ ബസ് ജീവനക്കാർ വീണ്ടും മിന്നൽ സമരം പ്രഖ്യാപിച്ചു. പിന്നാലെ പൊലീസ് ഇടപെട്ട് ബസ് സർവീസ് പുനസ്ഥാപിച്ചു. കോഴിക്കോട് വടകരയിലാണ് മിന്നൽ പണിമുടക്കുകളും പ്രതിഷേധങ്ങളും യാത്രക്കാരെ വലച്ചത്.

വടകരയിൽ സമൂഹമാധ്യമത്തിലെ ഒരു ഗ്രൂപ്പിൽ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത സമരത്തിൽ പങ്കെടുത്ത് സ്വകാര്യ ബസുകൾ പണിമുടക്കിയിരുന്നു. കണ്ടക്ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് തൊട്ടിൽപ്പാലം-തലശ്ശേരി റൂട്ടിൽ തുടങ്ങിയ ബസ് പണിമുടക്ക് മൂന്നാം ദിവസം വടകര താലൂക്കിലുടനീളം വ്യാപിക്കുകയും ചെയ്തു. സമരം എസ്പിയുടെ നേതൃത്വത്തിൽ പരിഹരിച്ച് ഇന്ന് രാവിലെ മുതൽ ബസ് ഓട്ടം തുടങ്ങി.

എന്നാൽ ഇന്നലെ സർവീസ് നടത്താത്ത ബസുകൾ ഇന്ന് തടയുമെന്ന് ഡി വൈ എഫ് ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ ഡിവൈഎഫ്ഐ പ്രവർത്തകർ പുതിയ ബസ്റ്റാൻഡിൽ എത്തി ഓടുന്ന ബസ്സുകൾ തടയുകയും താക്കോൽ പിടിച്ചു വാങ്ങുകയും ചെയ്തെന്ന് ബസ് ജീവനക്കാർ ആരോപിച്ചു. ഇതേത്തുടർന്ന് വീണ്ടും ബസ് തൊഴിലാളികൾ മിന്നൽ പണിമുടക്ക് ആരംഭിക്കുകയായിരുന്നു. 

YouTube video player

സ്വകാര്യ ബസ് സർവീസ് പുനസ്ഥാപിച്ചതായി റൂറൽ എസ് പി കെ ഇ ബൈജു അറിയിച്ചു. വടകര സ്റ്റാൻഡിൽ ബസ് തടഞ്ഞ 3 ഡിവൈഎഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു. മിന്നൽ പണിമുടക്കിന് ആഹ്വാനം ചെയ്ത വാട്സ്ആപ്പ് ഗ്രൂപ്പിനെ കുറിച്ച് അന്വേഷണം നടത്തുന്നതായും റൂറൽ എസ്പി അറിയിച്ചു.