വലിയതുറയിൽ യുവാവിനെ മർദിച്ച് കവർച്ച , മൊബൈലും 4000 രൂപയും തട്ടിയെടുത്തു, രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: വലിയതുറയിൽ യുവാവിനെ സംഘം ചേർന്ന് മർദിക്കുകയും പണവും ഫോണും കവരുകയും ചെയ്ത കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബീമാപള്ളി യു.പി സ്കൂളിന് സമീപം താമസക്കാരനായ അബ്ദുൾ ഖാദർ (32), വള്ളക്കടവ് എം.ആർ പാലസിന് സമീപം വലിയവിളാകം പുരയിടത്തിൽ സഹീർഖാൻ (25) എന്നിവരെയാണ് വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മാർച്ച് 17-ന് വലിയതുറ പാലത്തിന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരനായ യുവാവിനെ തടഞ്ഞുനിർത്തിയ പ്രതികൾ അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. തുടർന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പോക്കറ്റിലുണ്ടായിരുന്ന 4000 രൂപയും ഇവർ കവർന്നു. കൂടാതെ, കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവാവിനെക്കൊണ്ട് എം.ഡി.എം.എ ഉപയോഗിപ്പിക്കാൻ നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു.സിറ്റി ഡാൻസാഫ് സംഘം ബീമാപള്ളി ഭാഗത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ പിന്നീട് വലിയതുറ സ്റ്റേഷന് കൈമാറി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
