2017 ലാണ് കൊല്ലം ജില്ലയിലെ ശൂരനാട് നോർത്ത് സ്വദേശിയായ വന്ദന ഉക്രെയിനിലേക്ക് മെഡിക്കൽ പഠനത്തിനായി പോയത്.
''എന്തും വരട്ടെ എന്ന് കരുതിയാണ് അവിടെ നിന്നും ഇറങ്ങിയത്. വീട്ടിൽ എപ്പോ എത്തുമെന്നോ എന്തായിരിക്കും സംഭവിക്കുകയെന്നോ അപ്പോൾ യാതൊരു ഊഹവുമില്ലായിരുന്നു. സ്വന്തം റിസ്കിൽ ഇറങ്ങിപ്പുറപ്പെട്ടു. സ്ഥിതി കൂടുതൽ വഷളാകും എന്ന് തോന്നിയപ്പോഴാണ് അങ്ങനെയൊരു തീരുമാനമെടുത്തത്.'' ഉക്രെയിനിലെ യുദ്ധഭൂമിയിൽ നിന്ന് നാട്ടിലെത്തിയതിന്റെ ആശ്വാസ സ്വരത്തിലാണ് മെഡിക്കൽ വിദ്യാർത്ഥിനിയായ വന്ദന സംസാരിച്ചു തുടങ്ങിയത്.
ഉക്രെയിനിലെ വിനിറ്റ്സിയ യൂണിവേഴ്സിറ്റിയിലെ അഞ്ചാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ് വന്ദന. 2017 ലാണ് കൊല്ലം ജില്ലയിലെ ശൂരനാട് നോർത്ത് സ്വദേശിയായ വന്ദന ഉക്രെയിനിലേക്ക് മെഡിക്കൽ പഠനത്തിനായി പോയത്. ''ആ സമയത്തായിരുന്നു നീറ്റ് പ്രവേശന പരീക്ഷ വന്നത്. അന്ന് മെഡിസിൻ പഠിക്കാൻ 7 ലക്ഷമായിരുന്നു പ്രതിവർഷം വേണ്ടിയിരുന്നത്. സ്വാശ്രയ കോളേജിലാണെങ്കിലും അത്രയും വേണം. പിന്നെ ഡൊണേഷനും. ആ വർഷം തന്നെ ഞാൻ ഡിഗ്രിക്ക് ഒരു വർഷം പോയി. എന്നിട്ടും മെഡിസിന് പോകണമെന്ന ആഗ്രഹം മനസ്സിലിങ്ങനെ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ എന്റെ സുഹൃത്ത് മെഡിസിൻ പഠിക്കാൻ ഉക്രെയിനിലേക്ക് പോയിട്ടുണ്ടായിരുന്നു. അവൾ അവിടെ ചെന്ന് അവിടെ പഠിക്കാനും മറ്റും സേഫാണ് എന്ന് അറിഞ്ഞു. അങ്ങനെയാണ് ഉക്രെയിനിൽ പഠിക്കാം എന്ന് തീരുമാനിക്കുന്നത്.'' വന്ദന പറഞ്ഞു തുടങ്ങി.
ഇവിടത്തെ കോളേജിൽ ആറ് വർഷത്തെ പഠനം കഴിഞ്ഞിറങ്ങുമ്പോൾ 25 ലക്ഷം രൂപയേ ആകുന്നുള്ളൂ, നാട്ടിലാണെങ്കിൽ അതിന്റെ ഇരട്ടിയാകും. ടെക്സ്റ്റ് ബുക്കുകൾ ഒക്കെ ഫ്രീയാണ്. നാട്ടിലാണെങ്കിൽ എല്ലാ ടെക്സ്റ്റ് ബുക്കുകളും നമ്മൾ വാങ്ങണം. വാല്യൂ ഉളള സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. മാത്രമല്ല, അവിടെ നിന്ന് പഠനം കഴിഞ്ഞ് മറ്റ് രാജ്യങ്ങളിലേക്ക് ജോലി നേടി പോകാനുളള സാഹചര്യവും യൂണിവേഴ്സിറ്റി ഒരുക്കി നൽകുന്നുണ്ട്. ഞാൻ പഠിച്ചിരുന്ന കോളേജിൽ തന്നെ സെന്ററുണ്ടായിരുന്നു. വേറെ എവിടെയും പോയി പരീക്ഷ എഴുതേണ്ട കാര്യമില്ല.
മലയാളികൾ മെഡിസിൻ പഠിക്കാൻ എന്തിനാണ് ഉക്രെയിനിലേക്ക് പോകുന്നത്?
മലയാളി വിദ്യാർത്ഥികൾ കൂടുതലായി ഉക്രെയിനിലേക്ക് പഠിക്കാൻ പോകുന്നതിന്റെ പ്രധാന കാരണം, നാട്ടിലെ ഫീസ് താങ്ങാൻ സാധിക്കുന്നതല്ല എന്നതാണ്. ഇവിടെ നമ്മൾ പഠിച്ചിറങ്ങുമ്പോൾ 25 ലക്ഷമേ ആകുന്നുളളൂ എങ്കിൽ നാട്ടിൽ ചിലപ്പോൾ അത് ഒരു വർഷത്തെ ഫീസാകാം. ലോണെടുത്ത് പഠിക്കുന്ന കുട്ടികൾ ഇവിടെയുമുണ്ട്. പക്ഷേ പഠിത്തം കഴിഞ്ഞ് ജോലി കിട്ടിയാൽ ഈ ലോൺ ഒരു അധിക ബാധ്യതയായി വരുന്നില്ല. പക്ഷേ നാട്ടിലാണെങ്കിൽ എത്ര വർഷം കൊണ്ടായിരിക്കും ലോൺ അടച്ചു തീർക്കാൻ സാധിക്കുക? അതൊരു ഘടകമാണ്. പിന്നെ ഇവിടെ നിന്ന് പഠിച്ചിറങ്ങിയാൽ നാട്ടിലും ജോലി ലഭിക്കും, പിന്നെ വിദേശത്തേക്ക് പോകാനുള്ള അവസരവും ലഭിക്കും. എക്സാമിനും ഇന്റർവ്യൂവിനും ശേഷമാണ് ഇവിടെ കോളേജിൽ പ്രവേശനം ലഭിക്കുന്നത്. ബുദ്ധിമുട്ടുളള പരീക്ഷയൊന്നുമല്ല ഇത്. രണ്ട് തവണ അവസരമുണ്ട്. എന്റെ അഭിപ്രായത്തിൽ വളരെ മികച്ച രീതിയിൽ പഠനം പൂർത്തിയാക്കി ഇറങ്ങാൻ നമുക്ക് സാധിക്കും. ഞാൻ പഠിക്കുന്ന കോളേജിൽ ധാരാളം മലയാളി വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടുണ്ട്. നാട്ടിലെ പ്രവേശന പരീക്ഷയിൽ കോംപറ്റീഷന് മേൽ കോംപറ്റീഷനാണ്. അത് കിട്ടിയാൽ തന്നെ ഫീസും താങ്ങാൻ സാധിക്കില്ല.
ദുരന്തമുഖത്ത് നിന്ന് നാട്ടിലേക്ക്
ഞങ്ങൾ താമസിക്കുന്ന അപ്പാർട്ട്മെന്റിന്റെ താഴെ തന്നെ ബങ്കറുണ്ടായിരുന്നു. അലാം അടിക്കുന്ന സമയത്ത് എല്ലാവരും കൂടി താഴേക്ക് വരണമായിരുന്നു. എപ്പോഴാണ് അലാം അടിക്കുന്നതെന്ന് നോക്കിയിരുന്ന് മൂന്നാലു ദിവസം ഞങ്ങളാരും ഉറങ്ങിയില്ല. സ്ഥിതി ഗതികൾ കൂടുതൽ വഷളാകുമെന്ന് മനസ്സിലായപ്പോഴാണ് ഞങ്ങൾ ഏഴുപേർ ചേർന്ന് ഏതെങ്കിലും അതിർത്തിയിലേക്ക് പോകാം എന്ന് തീരുമാനിക്കുന്നത്. അങ്ങനെ വിനിറ്റ്സിയയിൽ നിന്നും ലിവീവിയക്ക് ട്രെയിനിൽ പോയി. 25ാം തീയതിയാണ് ഞങ്ങൾ അവിടെ നിന്നും തിരിക്കുന്നത്. 10 മണിക്കൂറിന് ശേഷം ലീവീവിയയിൽ എത്തി. അവിടെയെത്തിയിട്ട് ഏത് ബോർഡിലേക്ക് പോകണമെന്ന് അറിയില്ലായിരുന്നു. പോളണ്ടിലേക്ക് പോകാനുള്ള ആൾക്കാരുടെ തിക്കും തിരക്കും കണ്ടപ്പോൾ ഉഷ്കറോവിലേക്ക് പോകാം എന്ന് തീരുമാനിച്ചു. അവിടെയെത്തിയാൽ സ്ലൊവോക്യയിലേക്കും പോകാം, ഹംഗറിയിലേക്കും പോകാം. അവിടെ നിന്നിങ്ങോട്ട് ശരിക്കും കഷ്ടപ്പെട്ടു എന്ന് വേണം പറയാൻ. ഉഷ്കറോവിലേക്കുള്ള വാഹനം മൂന്നു മണിക്കൂറോളം താമസിച്ചാണ് പുറപ്പെട്ടത്. ഇരിക്കാനും സ്ഥലം കിട്ടിയില്ല. വണ്ടിക്കുള്ളിലും സീറ്റിന്റെ പേരിൽ ഭയങ്കര തിരക്കും അടിയും. ഒരാളുടെ സീറ്റിൽ മൂന്നു നാലും പേരും, മടിയിലിരുന്നൊക്കെയാണ് ഉഷ്കറോവിലെത്തിയത്.
ദുരിത യാത്രയുടെ ഒടുവിൽ
അവിടെയെത്തുമ്പോൾ കയ്യിലുണ്ടായിരുന്ന ബിസ്കറ്റൊക്കെ തീർന്ന് പട്ടിണിയായിരുന്നു. അവിടെ നിന്ന് സ്ലൊവോക്യയിലെത്തി. അവിടെയും നിരവധി പ്രശ്നങ്ങളായിരുന്നു. ഭാഗ്യം കൊണ്ട് അവിടെ എത്തിയപ്പോൾ ഭക്ഷണവും വെള്ളവും കിട്ടി. മൊബൈൽ ചാർജ് ചെയ്യാനും സാധിച്ചു. അവിടെ നിന്ന് അറിഞ്ഞത് ചോപ് റെയിൽവേ സ്റ്റേഷനിലേക്ക് പോകാമെന്നുണ്ടെങ്കിൽ അവിടെ നിന്ന് 15 ദിവസത്തേക്കുള്ള താത്ക്കാലിക വിസ ഹംഗറിയിലേക്ക് കിട്ടും എന്നാണ്. എന്തും വരട്ടെ എന്ന് വിചാരിച്ച് ചോപ് റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ തീരുമാനിച്ചു. അങ്ങോട്ട് പോയ സമയത്ത് ക്യാബുകാരന് വഴി തെറ്റിയ സംഭവം കൂടിയുണ്ടായി. എത്തിച്ച സ്ഥലത്ത് നിന്ന് 4 കിലോമീറ്റർ പിന്നിലേക്ക് പോകണമായിരുന്നു, പറഞ്ഞ സ്ഥലത്തേക്ക്. അവിടത്തെ പൊലീസ് ഉദ്യോഗസ്ഥരാണ് സേഫായി ചോപ് റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. നേരത്തെ പോയവർ ടിക്കറ്റ് എടുത്തിരുത്തത് കൊണ്ട് പെട്ടെന്ന് ടിക്കറ്റ് കിട്ടിയിരുന്നു.
അവിടെയും ഇമിഗ്രേഷൻ ഭാഗത്തു നിന്നും നിരവധി പ്രശ്നങ്ങളുണ്ടായി. അവിടെ നിന്നും മെട്രോയിൽ കയറി അതിർത്തി കടന്നു. അതിർത്തിയിൽ നിന്നും ബുഡാപെസ്റ്റിലേക്ക് പോയി. ഞങ്ങൾ അവിടെ എത്തിയപ്പോൾ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ആൺകുട്ടികളെയൊന്നും കാണാനുണ്ടായിരുന്നില്ല. അതേസമയം എംബസിയെ വിളിച്ചപ്പോഴൊന്നും അവർ ഫോൺ പോലും എടുക്കുന്നുണ്ടായിരുന്നില്ല. ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് അതായിരുന്നു.
ബുഡാപെസ്റ്റിലെത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്. ഫുഡ് കിട്ടി, സേഫാണെന്ന് ബോധ്യം വന്നു. അവർ നമ്മളെ സ്വീകരിച്ചത് അങ്ങനെയാണ്. വോളണ്ടിയേഴ്സായി മലയാളികളാണ് ഉണ്ടായിരുന്നത്. താമസ സൗകര്യം ഒക്കെ അവരാണ് ശരിയാക്കി നൽകിയത്. വളരെ പെട്ടെന്നാണ് ഞങ്ങളിൽ നാലു പെൺകുട്ടികൾക്ക് അന്ന് വൈകിട്ട് തന്നെ ഫ്ളൈറ്റ് കിട്ടിയത്. ഭാഗ്യം എന്ന് മാത്രമേ പറയാൻ സാധിക്കൂ. കേരളത്തിൽ നിന്നുള്ള കുട്ടികളുടെ ലിസ്റ്റിൽ ഞങ്ങളും ഉൾപ്പെട്ടു എന്നായിരുന്നു അവരുടെ വിശദീകരണം. എന്തായാലും അവിടെ നിന്ന് ഇസ്താംബുൾ വഴി ദില്ലി. ബാംഗ്ലൂർ വഴി തിരുവനന്തപുരത്ത്. മാർച്ച് 2 നാണ് ഞാൻ നാട്ടിലെത്തുന്നത്. പിറ്റേന്നും അതിനടുത്തെ ദിവസവുമൊക്കെയായി ഒപ്പമുണ്ടായിരുന്ന കുട്ടികളും എത്തിയെന്നാണ് അറിയാൻ കഴിഞ്ഞത്.
താത്ക്കാലികമായി ഇപ്പോൾ കോളേജ് അടച്ചിട്ടിരിക്കുകയാണ്. പ്രശ്നങ്ങളൊന്നുമില്ലയെങ്കിൽ തിരിച്ചു പോകാൻ സാധിക്കും. മിനിസ്ട്രി മാറിയെന്ന് കരുതി വിദ്യാഭ്യാസത്തിന് പ്രശ്നങ്ങളൊന്നും സംഭവിക്കില്ലെന്ന് അവർ അറിയിച്ചിട്ടുണ്ട്. ഓൺലൈൻ ക്ലാസുകളാണ് ഇപ്പോൾ നടക്കുന്നത്. കാർക്കീവ്, കീവ് എന്നീ സ്ഥലങ്ങളിൽ ഇപ്പോഴും കുട്ടികൾ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടക്ക് അടുത്ത് ശൂരനാട് നോർത്ത് സ്വദേശിയാണ് വന്ദന. അച്ഛൻ വിജയകുമാരൻ, അമ്മ ശ്രീദേവിയമ്മ, ഒരു സഹോദരനുണ്ട് വൈശാഖ്.
