തിരുവനന്തപുരം: കൊവിഡ് രോഗിയായ 82 വയസുകാരന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ വാസ്കുലാർ ശസ്ത്രക്രിയ പൂർണ വിജയം. തമിഴ്നാട് സ്വദേശി പാലയ്യ (82) നാണ് കാർഡിയോ വാസ്കുലാർ തൊറാസിക് സർജറി വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തിയത്. ഒക്ടോബർ പത്തിന് വലതു കൈയ്ക്ക് വേദനയും സ്വാധീനക്കുറവുമായാണ്  പാലയ്യൻ മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയത്. 

തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം പാറശാലയിലുള്ള മകനോടൊപ്പമാണ് താമസം. ആശുപത്രിയിലെ പരിശോധനകളിൽ ഹൃദ്രോഗവും ഒപ്പം കൊവിഡുമുണ്ടെന്ന് സ്ഥിരീകരിച്ചു. സി ടി ആൻജിയോഗ്രാം പരിശോധനയിൽ ഹൃദയത്തിൽ നിന്ന് രക്തക്കട്ട വലതു കൈയ്യിലെ രക്തക്കുഴലിലെത്തി രക്ത സഞ്ചാരം പൂർണ്ണമായി അടഞ്ഞനിലയിലായിരുന്നു. 

പ്രായക്കൂടുതൽ, ഹൃദ്രോഗം, കൊവിഡ് രോഗം മുതലായ വെല്ലുവിളികൾ എന്നിവ ഉണ്ടായിരുന്നെങ്കിലും അടിയന്തിര ശസ്ത്രക്രിയ വേണ്ടിയിരുന്നതിനാൽ ബന്ധുക്കളെ വിവരമറിയിച്ചു. പാറശ്ശാലയിൽ നിന്ന് ബന്ധുക്കളെത്തി സമ്മതമറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 13ന് രാത്രി അടിയന്തിര ശസ്ത്രക്രിയ നടന്നു. രക്തക്കട്ട മാറ്റുന്ന എംബോളക്ടമി എന്ന വാസ്കുലാർ ശസ്ത്രക്രിയയാണ് നടന്നത്. 

മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികൾക്ക് വേണ്ടി പ്രത്യേകമൊരുക്കിയ തിയേറ്ററിലാണ് ശസ്ത്രക്രിയ നടന്നത്.
ഒരാഴ്ചത്തെ ചികിത്സക്ക് ശേഷം കൊവിഡ് നെഗറ്റീവായിക്കഴിഞ്ഞ് ഡിസ്ചാർജ് ആയി. കാർഡിയോവാസ്കുലാർ. സർജന്മാരായ ഡോ ഷഫീക്ക്, ഡോ മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. കൊവിഡ് നോഡൽ ഓഫീസർ ഡോ. ശ്രീകണ്oൻ ആണ് ചികിത്സ ഏകോപിപ്പിച്ചത്.