ജില്ലയിലെ മികച്ച പഞ്ചായത്തിനും സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുമുള്ള മഹാത്മ അവാര്‍ഡ് ഇത്തവണ വട്ടവട പഞ്ചായത്തിനാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് വികസന കാര്യത്തിലും മറ്റ് പുരോഗതിയിലേയ്ക്കും പഞ്ചായത്തിനെ നയിക്കാന്‍ കാരണമെന്നും രാമരാജ് പറഞ്ഞു.

ഇടുക്കി: അംഗീകാരങ്ങളുടെ നിറവില്‍ വട്ടവട ഗ്രാമ പഞ്ചായത്ത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും ജോലിക്കെത്താന്‍ മടിച്ചിരുന്ന കുടിയേറ്റ ഗ്രാമമായിരുന്ന വട്ടവട ഇന്ന് വികസനത്തിന്റെ പാതയിലേയ്ക്ക് വഴിമാറിയിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച പഞ്ചായത്തുകളുടെ പട്ടികയിലും ഇടം നേടിയിരിക്കുകയാണ് വട്ടവട ഗ്രാമ പഞ്ചായത്ത്. നാനൂറുവര്‍ഷത്തെ കുടിയേറ്റ ചരിത്രം നിറഞ്ഞ് നില്‍ക്കുന്ന, ശീതകാല പച്ചക്കറിയുടെ കലവറയാണ് വട്ടവട.

പഞ്ചായത്ത് പ്രസിഡന്റ് രാമരാജിന്റെ നേതൃത്വത്തിലുള്ള ഭരണസമതിയുടേയും ഉദ്യോഗസ്ഥരുടേയും പൊതുപ്രവര്‍ത്തകരുടേയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് മികച്ച പഞ്ചായത്തുകളുടെ പട്ടികയില്‍ വട്ടവട ഇടം നേടിയത്. സംസ്ഥാനത്ത് ആദ്യമായി മോഡല്‍ വില്ലേജെന്ന പദ്ധതി നടപ്പിലാക്കിയത് വട്ടവടയാണ്. ഇവിടുത്തെ റോഡും കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യ-വിദ്യഭ്യാസ മേഖലയിലെ പുരോഗതിയും എല്ലാം മറ്റ് പഞ്ചായത്തുകള്‍ക്ക് മാതൃകയാണ്. പരിമിതികള്‍ക്ക് നടുവില്‍ നിന്ന് വികസനത്തിന്റെ പാതിയില്‍ മുന്നേറുന്ന പഞ്ചായത്തിനെ തേടി നിരവധി പുരസ്‌കാരങ്ങളും തേടിയെത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് രാമരാജ് പറയുന്നു.

ജില്ലയിലെ മികച്ച പഞ്ചായത്തിനും സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുമുള്ള മഹാത്മ അവാര്‍ഡ് ഇത്തവണ വട്ടവട പഞ്ചായത്തിനാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് വികസന കാര്യത്തിലും മറ്റ് പുരോഗതിയിലേയ്ക്കും പഞ്ചായത്തിനെ നയിക്കാന്‍ കാരണമെന്നും രാമരാജ് പറഞ്ഞു. കാര്‍ഷിക സംസ്‌ക്കാരവും കിടിയേറ്റ ചരിത്രവും നിറഞ്ഞുനില്‍ക്കുന്ന വട്ടവട സാംസ്‌ക്കാരിക കേരളത്തിന് അഭിമാനവും മാതൃകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.